Enter your Email Address to subscribe to our newsletters

Chennai, 28 സെപ്റ്റംബര്‍ (H.S.)
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ മോതിരവും ബേബി കിറ്റും നല്‍കുന്ന 'തായ്മാമന്‍ തങ്ക മോതിരം' പദ്ധതിക്ക് ഇന്ന് തുടക്കമാകും. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 25 നവജാത ശിശുക്കള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് സ്വര്‍ണ മോതിരവും ബേബി കിറ്റും സമ്മാനിക്കും. ഇതിനായി അദ്ദേഹം ആശുപത്രിയിലെ പ്രസവ വാര്‍ഡ് സന്ദര്‍ശിക്കും. അമ്മയുടെ സഹോദരന്‍ അഥവാ അമ്മാവന്‍ എന്നാണ് തായ്മാമന്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. സംസ്ഥാനത്തെ കുട്ടികള്‍ക്ക് താനൊരു അമ്മാവനാണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുന്‍ മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷികമായ സെപ്റ്റംബര്‍ 15ന് പദ്ധതി ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനം കാരണം ഇത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പദ്ധതി പ്രകാരം സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ നവജാതശിശുവിനും ഒരു ഗ്രാം ഭാരമുള്ള 22 കാരറ്റ് സ്വര്‍ണ മോതിരമാണ് ലഭിക്കുക. 2026 ജൂണ്‍ 22 മുതല്‍ ജനിച്ച കുട്ടികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ പദ്ധതിയുടെ ഗുണം ലഭിക്കും. ഇതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് ജൂണ്‍ 23ന് പുറത്തിറക്കിയിരുന്നു. പ്രതിവര്‍ഷം 755.83 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ആദ്യഘട്ട വിതരണത്തിനായി 1.28 ലക്ഷം സ്വര്‍ണ മോതിരങ്ങള്‍ ഇതിനോടകം തയാറാക്കിക്കഴിഞ്ഞു. ഒരു പൈസ പണിക്കൂലിയിലാണ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് പദ്ധതിയുടെ ടെന്‍ഡര്‍ എടുത്തിരിക്കുന്നത്. ജോയ് ആലുക്കാസിനൊപ്പം കല്യാണ്‍ ജ്വല്ലേഴ്സിനും മോതിരം നിര്‍മിക്കുന്നതിനുള്ള വര്‍ക്ക് ഓര്‍ഡറുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരായ അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. ഗുണഭോക്താക്കള്‍ 'പ്രഗ്‌നന്‍സി ആന്‍ഡ് ഇന്‍ഫന്റ് കോഹോര്‍ട്ട് മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍' (പിക്മി) സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കൂടാതെ 'റീപ്രൊഡക്റ്റീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്' (ആര്‍സിഎച്ച്) ഐഡിയും നിര്‍ബന്ധമാണ്. പ്രസവശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്താണ് മോതിരവും കിറ്റും കൈമാറുക. മോതിരങ്ങളുടെ സുരക്ഷിതമായ സംഭരണത്തിനും വിതരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി ഓരോ ജില്ലയിലും അതത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
മാതൃത്വത്തെ ആദരിക്കുക, സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, സര്‍ക്കാര്‍ ആരോഗ്യ സേവനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുക എന്നിവയാണ് ഈ ക്ഷേമപദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കൂടുതല്‍ കുടുംബങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് ആകര്‍ഷിച്ച് ആശുപത്രികളിലെ സുരക്ഷിതമായ പ്രസവം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി
---------------
Hindusthan Samachar / Sreejith S