പട്ടാമ്പി വിളയൂരിൽ എൻ.ഐ.എ റെയ്ഡ്: ഭീകരവാദ കേസിൽ അസം സ്വദേശി പിടിയിൽ
Palakkad , 29 സെപ്റ്റംബര് (H.S.) പാലക്കാട് പട്ടാമ്പിയിലെ വിളയൂരിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നടത്തിയ മിന്നൽ പരിശോധനയിൽ ഒരാൾ കസ്റ്റഡിയിൽ. വിളയൂർ എടപ്പലത്ത് താമസിച്ചുവരികയായിരുന്ന അസം സ്വദേശിയെയാണ് എൻ.ഐ.എ സംഘം പിടികൂടിയത്. ഭീകരവാദ സംഘടനകളിലേക്ക്
NIA  RAID PALAKKAD


Palakkad , 29 സെപ്റ്റംബര് (H.S.)

പാലക്കാട് പട്ടാമ്പിയിലെ വിളയൂരിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നടത്തിയ മിന്നൽ പരിശോധനയിൽ ഒരാൾ കസ്റ്റഡിയിൽ. വിളയൂർ എടപ്പലത്ത് താമസിച്ചുവരികയായിരുന്ന അസം സ്വദേശിയെയാണ് എൻ.ഐ.എ സംഘം പിടികൂടിയത്.

ഭീകരവാദ സംഘടനകളിലേക്ക് ആളെ ചേർക്കുന്നതും പ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് എൻ.ഐ.എ എടുത്ത കേസിന്റെ അന്വേഷണ ഭാഗമായാണ് പരിശോധന നടന്നത്. ഇതിൻ്റെ തുടർച്ചയായാണ് അന്വേഷണ സംഘം കേരളത്തിലെത്തിയത്. എടപ്പലത്തെ താമസസ്ഥലത്തുനിന്നുമാണ് ഇയാളെ സംഘം കസ്റ്റഡിയിലെടുത്തത്.

ഇയാളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണവും ചോദ്യം ചെയ്യലും നടന്നുവരികയാണ്. പ്രദേശത്ത് ഇയാൾ എന്ന് മുതൽ താമസിക്കുന്നുണ്ടായിരുന്നു എന്നതിനെക്കുറിച്ചും ആരുമായാണ് ബന്ധപ്പെട്ടിരുന്നത് എന്നതിനെക്കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

കേരളം, അസം, പശ്ചിമ ബംഗാൾ ഉൾപ്പെടെ 16 ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ് നടന്നത്. കേരളത്തിൽ പട്ടാമ്പി വിളയൂരിലാണ് പുലർച്ചെ സംഘം എത്തിയത്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തെ കുറിച്ചും റിക്രൂട്ട്മെൻ്റുകളെകുറിച്ചുമുള്ള അന്വേഷണത്തിൻ്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡിൻ്റെ ഭാഗമായിട്ടാണ് വിളയൂരിലും പരിശോധന നടത്തിയത്.

എടപ്പലത്തെ വാടക വീട്ടിൽ നിന്നുമാണ് എൻഐഎ സംഘം അസം സ്വദേശിയെ പിടികൂടിയത്. നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിൻ്റെ ഉപവിഭാഗമെന്ന് സംശയിക്കപ്പെടുന്ന 'ഇമാം മഹ്മൂദർ കഫില'യുമായി ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ലഭിക്കുന്ന വിവരം.

യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഈ കേസിൽ ഉൾപ്പെട്ട അസം സ്വദേശി കേരളത്തിൽ തൊഴിലാളിയായി എത്തുകയും എടപ്പലത്തെ കോഴി ഫാമിൽ ജോലി ചെയ്യുകയുമായിരുന്നു. കുടുംബവുമൊത്ത് വാടകവീട്ടിൽ ആണ് താമസം. ഇവിടെ നിന്നുമാണ് ഇയാളെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾക്കായി എൻഐഎ കൊണ്ടുപോയി. കേരളത്തിലെ വിളയൂരിന് പുറമേ ബംഗാളിൽ അഞ്ചിടത്തും അസമിൽ പത്തിടത്തും ഇതേ വിഷയത്തിൽ റെയ്ഡ് നടന്നു.

രാജ്യവ്യാപക പരിശോധന

ദേശീയ അന്വേഷണ ഏജൻസി കേരളം, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളിലാണ് ഒരേസമയം രാജ്യവ്യാപക പരിശോധന നടത്തിയത്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിൻ്റെ ഉപവിഭാഗമായ 'ഇമാം മഹ്മൂദർ കഫില' എന്ന സംഘടനയുടെ ഭീകരവാദ ഗൂഢാലോചന തകർക്കുക എന്നതായിരുന്നു ഈ ഓപ്പറേഷൻ്റെ പ്രധാന ലക്ഷ്യം. അസമിൽ പത്തിടങ്ങളിലും പശ്ചിമ ബംഗാളിൽ അഞ്ചിടങ്ങളിലും കേരളത്തിൽ പാലക്കാട് ജില്ലയിലെ വിളയൂരിലുമാണ് ഈ അതിവേഗ റെയ്ഡുകൾ അരങ്ങേറിയത്

യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുന്നതിനായി ഈ സംഘടന നടത്തിവന്ന വലിയ തോതിലുള്ള റിക്രൂട്ട്മെൻ്റ് ശൃംഖലയെയും ഇലക്ട്രോണിക് പ്രചാരണങ്ങളെയും കുറിച്ചുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

ഇതിനോടകം തന്നെ ഈ കേസിൽ 11 പ്രതികൾക്കെതിരെ ഗുവാഹത്തിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ യു.എ.പി.എ, ഭാരതീയ ന്യായ സംഹിത എന്നീ കടുത്ത നിയമങ്ങൾ പ്രകാരം ഏജൻസി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News