Enter your Email Address to subscribe to our newsletters

Bangalore , 29 സെപ്റ്റംബര് (H.S.)
മരച്ചില്ല പൊട്ടിവീണ് ശരീരം തളർന്നുപോയ വ്യക്തിക്ക് 2.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയോട് (ബി.ബി.എം.പി) കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 2024-ൽ നടന്ന ദാരുണമായ അപകടത്തിലാണ് കോടതിയുടെ നിർണായക വിധി.
പൊതുവഴികളിലെ ഉണങ്ങിയതും അപകടാവസ്ഥയിലുള്ളതുമായ മരച്ചില്ലകൾ വെട്ടിമാറ്റുന്നതിൽ അധികൃതർ കാട്ടിയ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് കോടതി നിരീക്ഷിച്ചു. അപകടത്തെത്തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട് പൂർണമായി കിടപ്പിലായ ഹർജിക്കാരന്റെ ഭാവി ചികിത്സ, വരുമാനനഷ്ടം, ജീവിതനിലവാരം എന്നിവ കണക്കിലെടുത്താണ് തുക നിശ്ചയിച്ചത്.
നഗരത്തിലെ വൃക്ഷങ്ങൾ കൃത്യമായി പരിപാലിക്കുന്നതിലും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും നഗരസഭ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, നിർദിഷ്ട തുക വൈകാതെ തന്നെ ബാധിതന് കൈമാറണമെന്നും നിർദേശിച്ചു.
ബൃഹത് ബെംഗളുരു മഹാനഗര പാലിക(ബിബിഎംപി) ഇപ്പോള് ജിബിഎയോട് കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അപകടകരമായ മരച്ചില്ലകള് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതിന് മുമ്പ് തന്നെ നടപടി കൈക്കൊള്ളാത്തതിനെ കോടതി ശക്തമായ ഭാഷയില് വിമര്ശിച്ചു. ബെംഗളുരുവിലെ അപകടകരമായ മരങ്ങള് മുറിച്ച് മാറ്റുന്നതടക്കം പൊതുസുരക്ഷ ഉറപ്പാക്കാന് വേണ്ട നിരവധി നിര്ദ്ദേശങ്ങള് സംസ്ഥാന സര്ക്കാരിന് മുന്നില് കോടതി വച്ചിട്ടുണ്ട്.
ദുരന്തത്തിനിരയായ മുപ്പത്തെട്ടുകാരന് ജി ചന്ദന്റെ ഹര്ജിയിലാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റെ ഏകാംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്ുന്നത്. ആറ് ശതമാനം വാര്ഷിക പലിശയും നല്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബിബിഎംപി ഇതുവരെ നല്കിയ അഞ്ച് ലക്ഷം രൂപ ഇതില് നിന്ന് കുറയ്ക്കാമെന്നും കോടതി അറിയിച്ചു. ശേഷിക്കുന്ന മുഴുവന് തുകയും നല്കണം. അപകടം നടന്ന 2024 മാര്ച്ച് ഏഴ് മുതല് പണം മുഴുവന് നല്കുന്ന ദിവസം വരെയുള്ള പലിശയാണ് നല്കേണ്ടത്.
വിധിപ്പകര്പ്പ് കിട്ടി പന്ത്രണ്ട് ആഴ്ചയ്ക്കകം തത്സമയ മൊത്ത തീര്പ്പാക്കല് (ആര്ടിജിഎസ്) പ്രകാരം നഗര ഭരണകൂടം മുഴുവന് തുകയും കൊടുത്ത് തീര്ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മരം മുറിച്ച് നീക്കാന് അനുമതി നല്കാന് പതിമൂന്ന് ദിവസമെടുത്തു എന്നത് അസാധാരണമായ വൈകലാണെന്നും കോടതി ചൂണ്ടിക്കാട്ടി. മരം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് നിന്നിരുന്നത് എന്ന നഗരസഭയുടെ വാദം കോടതി തള്ളി. സ്വഭാവിക കാരണങ്ങളാലാണ് മരച്ചില്ല വീണതെന്ന വാദവും കോടതി മുഖവിലക്കെടുത്തില്ല.
തദ്ദേശ ഭരണകൂടത്തിന് ഒരു അപകടമുന്നറിയിപ്പ് ലഭിച്ചാല് പൊതുസുരക്ഷ മുന് നര്ത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് അവരുടെ നിര്ബന്ധിത ഉത്തരവാദിത്തമാണ്. ദുരന്തത്തെക്കുറിച്ച് നേരത്തെ അറിയാനായ സാഹചര്യത്തില് പ്രകൃതി കാരണങ്ങള് ഒരു മറയാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ചന്ദന് പറ്റിയത് ഗുരുത പരിക്ക്
ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ചന്ദന് ബെംഗളുരുിലെ ശാന്തല നഗര് കോണ്വെന്റ് റോഡ് വഴി 2024 മാര്ച്ച് ഏഴിന് രാവിലെ പത്ത് മണിയോടെ ജോലിക്കായി പോയതാണ്. അപ്പോഴാണ് ഗുഡ് ഷെപ്പേര്ഡ് കോണ്വന്റ് സ്കുളിന് സമീപം നിന്ന ഒരു ഗുല്മോഹര് മരത്തിന്റെ വലിയൊരു ശാഖ അദ്ദേഹത്തിന്റെ മേലേക്ക് പതിച്ചത്. അദ്ദേഹത്തിന്റെ സ്പൈനല് കോഡിന് ഗുരുതര പരിക്കേറ്റു. അടിയന്തരമായി ശസ്ത്രക്രിയയും നടത്തി. എന്നാല് ക്രമേണ അദ്ദേഹത്തിന്റെ ശരീരം പൂര്ണമായും തളര്ന്നു.
അദ്ദേഹത്തിന് 85ശതമാനം ഭിന്നശേഷിയുണ്ടെന്നാണ് ആശുപത്രി രേഖകള് പറയുന്നത്. ഹൈക്കോടി ഇതിന്റെ ആഘാതം കണക്കിലെടുത്ത് നൂറ്ശതമാനം എന്നാണ് പരിഗണിച്ചിരിക്കുന്നത്. ഉപജീവനമാര്ഗത്തിലും ദൈനദിനകൃത്യങ്ങളിലുമുണ്ടായിട്ടുള്ള ആഘാതമാണ് കോടതി കണക്കിലെടുത്തത്.
2024 ഫെബ്രുവരി പതിനാറിന് തന്നെ ഗുഡ്ഷെപ്പേര്ഡ് സ്കൂള് അധികൃതര് ബിബിഎംപിയ്ക്ക് അപകടകരമായ ചില്ല മറിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കിയിരുന്നു. ശിഖരം ഏത് നിമിഷവും വീഴാമെന്നും വിദ്യാലയ അധികൃതര് ചൂണ്ടിക്കാട്ടി. എന്നാല് അപകടം നടന്ന ദിനത്തില് മാത്രമാണ് ശാഖ വെട്ടിച്ചുരുക്കാന് ബിബിഎംപി അനുമതി നല്കിയത്. ഈ സാഹചര്യങ്ങളും വിധി പ്രസ്താവന വേളയില് കോടതി പരിഗണിച്ചു.
ഹൈക്കോടതി പുറപ്പെടുവിച്ച പൊതുസുരക്ഷാ മാനദണ്ഡങ്ങള്
പൊതുജനങ്ങള്ക്ക് അപകടകരമാകുന്ന എല്ലാ ഘടകങ്ങളും പരിഗണിച്ച് സര്ക്കാര് സമഗ്രമായ സുരക്ഷ സംവിധാനങ്ങളൊരുക്കണം.
കുഴികള്, മാന്ഹോളുകള്, അഴുക്കുചാലുകള്, വൈദ്യുതി സംബന്ധമായ വെല്ലുവിളികള്, അപകടകരമായ കെട്ടിടങ്ങള്,നിര്മ്മാണ ഇടങ്ങള് എന്നിവ കണ്ടെത്തണം.
ചിത്രങ്ങളും ദൃശ്യങ്ങളും സ്ഥലവും അടങ്ങുന്ന വിശദമായ പരാതികള് പൊതുജനങ്ങള്ക്ക് നല്കാനാകും വിധമുള്ള ഡിജിറ്റല് ഇടങ്ങള് സ്ഥാപിക്കണം.
ഓരോ പരാതിക്കും പ്രത്യേക നമ്പറുകള് നല്കി പൗരന്മാര്ക്ക് അവരുടെ പരാതിയുടെ തത്സമയ വിവരങ്ങള് അറിയാനാകണം.
അടിയന്തര, ഉയര്ന്ന, ഇടത്തരം സാധാരണ എന്നനിലയില് അപകടസാഹചര്യങ്ങള് വേര്തിരിച്ച് അടിയന്തര നടപടികള് കൈക്കൊള്ളണം.
നിര്മ്മിത ബുദ്ധി സംവിധാനങ്ങള് അപകടത്തെ തിരിച്ചറിയാനാകും.എന്നാല് അവയ്ക്ക് നിയമപരമായ ലംഘനങ്ങളോ ബാധ്യതകളോ അറിയില്ല.
ഈ സംവിധാനം ബെംഗളുരുവില് ആറ് മാസത്തിനകം നടപ്പാക്കണം.
അപകടകരമായ മരങ്ങള് കൈകാര്യം ചെയ്യാന് മൂന്ന് മാസത്തിലൊരിക്കല് പുനപ്പരിശോധന നടത്തണമെന്നും കോടതി നിര്ദ്ദേശിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR