തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വി. ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ ബലപരീക്ഷണത്തിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം
Thiruvananthapuram, 29 സെപ്റ്റംബര് (H.S.) വി. ഡി. സതീശൻ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം. മൊത്തം സീറ്റുകളുടെ എണ്ണത്തിൽ യു.ഡി.എഫ് മുന്നിലാണെങ്കിലും, പ്രധാനപ്പെട്ട സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്
KERALA BYELECTION RESULT


Thiruvananthapuram, 29 സെപ്റ്റംബര് (H.S.)

വി. ഡി. സതീശൻ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം. മൊത്തം സീറ്റുകളുടെ എണ്ണത്തിൽ യു.ഡി.എഫ് മുന്നിലാണെങ്കിലും, പ്രധാനപ്പെട്ട സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി.

38 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19 സീറ്റുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫ് 18 സീറ്റുകളിൽ വിജയിച്ചു. എന്നാൽ, യു.ഡി.എഫിന്റെ എട്ട് സിറ്റിങ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തതാണ് പ്രതിപക്ഷത്തിന് തിളക്കമുള്ള വിജയമായത്.

ജനപ്രതിനിധിയും കോൺഗ്രസ് നേതാവുമായ രമ്യാ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുള്ള കൈയാങ്കളിയും ആഭ്യന്തര തർക്കങ്ങളും വിവാദമായ ചിറയിൻകീഴ് മണ്ഡലത്തിലാണ് യു.ഡി.എഫിന് വലിയ ആഘാതമേറ്റത്. ഇവിടെ മത്സരം നടന്ന രണ്ട് സിറ്റിങ് വാർഡുകളിലും (അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷൻ, മംഗലപുരം മുണ്ടയ്ക്കൽ വാർഡ്) എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. കോൺഗ്രസിലെ പാളയത്തിൽപ്പടയും സംഘടനാപരമായ വീഴ്ചകളുമാണ് ഈ നഷ്ടത്തിന് കാരണമായതെന്നാണ് പ്രാദേശിക വിലയിരുത്തൽ.

യുഡിഎഫ്-19, എല്ഡിഎഫ്-18, എന്ഡിഎ-1 എന്നതാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള് കക്ഷി നില. ബിജെപിക്ക് ഒരു സീറ്റിലും വിജയിക്കാനായില്ലെങ്കിലും ഘടകക്ഷിയായ ട്വിൻ്റി ട്വൻ്റി അവരുടെ സിറ്റിങ് സീറ്റ് നിലനിര്ത്തിയത് എന്ഡിഎയ്ക്ക് ആശ്വാസമായി. ആകെ 38 വാര്ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2025 ഡിസംബറില് യുഡിഎഫ്-22, എല്ഡിഎഫ്-15, എന്ഡിഎ-1 എന്നതായിരുന്നു കക്ഷി നില.

തിരുവനന്തപുരം ജില്ല

കല്ലറ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില് യുഡിഎഫ് സീറ്റു നിലനിര്ത്തി. ഇവിടെ അമി തിലക് 2993 വോട്ടിനു വിജയിച്ചു. വാമനപുരം എംഎല്എ ആയി തിരഞ്ഞെടുക്കപ്പെട്ട സുധീര്ഷാ പാലോട് രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. ചിറയിന്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനില് എല്ഡിഎഫ് സ്ഥാനാര്ഥി എസ് ബിജിമോള് വിജയിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല് വാര്ഡില് എല്ഡിഎഫിലെ രമ്യ തുളസി 139 വോട്ടിന് വിജിച്ചു. ഈ രണ്ടു സീറ്റുകളും യുഡിഎഫില് നിന്ന് എല്ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാര്ഡ് യുഡിഎഫ് നിലനിര്ത്തി. വര്ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂര് ഡിവിഷന് എല്ഡിഎഫ് നിലനിര്ത്തി. ഇവിടെ പി. ബീന 925 വോട്ടിന് വിജയിച്ചു.

പത്തനംതിട്ട ജില്ല

ജില്ലയില് തെരഞ്ഞെടുപ്പു നടന്ന നാല് സീറ്റുകളും യുഡിഎഫ് നിലനിര്ത്തി. കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്നില് രാധാമണിയമ്മയും കുറ്റൂര് ഗ്രാമപഞ്ചായത്തിലെ ഓതറ വാര്ഡില് രബീഷ്മോന് രവി, റാന്നി ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് പടിയില് രമ്യമോള് എം.ആര്., അരുവാപ്പുലം കല്ലേലില് വാര്ഡില് അനിലയുമാണ് വിജയിച്ചത്. അടൂര് എംഎല്എ സി. വി. ശാന്തകുമാര് രാജിവച്ചതിനെ തുടര്ന്ന് ഒഴിവു വന്ന സീറ്റാണ് ഓതറ. വാര്ഡ്.

ഇടുക്കി ജില്ല

മുട്ടം തുടങ്ങാട്ടില് യുഡിഎഫിലെ എല്സമ്മ ടോം എടേട്ട് സീറ്റ് നിലനിര്ത്തി.

എറണാകുളം ജില്ല

കൊച്ചി കോര്പ്പറേഷനിലെ അയ്യപ്പന്കാവില് യുഡിഎഫിലെ അജിത്കുമാറും വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മടപ്ലാത്തുരുത്ത് ഈസ്റ്റില് യുഡിഎഫിലെ ജോസ് കുനിയത്തോടത്ത്, പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റില് ട്വൻ്റി-ട്വൻ്റിയിലെ ദീനാമ്മ ജേക്കബ്, പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പുളിയാനം സൗത്തില് എല്ഡിഎഫിലെ സുഗന്ധി ജോഷി എന്നിവര് വിജയിച്ചു.

കോട്ടയം ജില്ല

ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷന് എല്ഡിഎഫ് നിലനിര്ത്തി. ഇവിടെ മഞ്ജു സുജിത് 2140 വോട്ടുകളുടെ ഭൂരിപക്ഷത്തില് വിജയിച്ചു. പാമ്പാടി ഗ്രാമപഞ്ചായത്തിലെ കുംബംതാനത്ത് എല്ഡിഎഫിലെ സണ്ണി വര്ഗീസ്, മീനടം ഗ്രാമപഞ്ചായതത്തിലെ ചീരംകുളത്ത് യുഡിഎഫിലെ പ്രീത പ്രസാദും വിജയിച്ചു.

വയനാട് ജില്ല

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കല് ഡിവിഷനില് യുഡിഎഫിലെ ലീല ഗോവിന്ദന് വിജയിച്ചു. മാന്തവാടി എംഎല്എ ഉഷ വിജയന് രാജിവച്ചതിനെ തുടര്ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

തൃശൂര് ജില്ല

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി ഡിവിഷനില് യുഡിഎഫ് സ്വതന്ത്രന് രവീന്ദ്രനും വേളങ്കല്ലൂര് ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ചി ഡിവിഷനില് എല്ഡിഎഫിലെ രമേഷ് രവീന്ദ്രന്, ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല കിഴക്കുമുറി വാര്ഡില് യുഡിഎഫിലെ രജിത നെച്ചിക്കോട്ടില്, തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആര്യംപാടം വാര്ഡില് എല്ഡിഎഫിലെ വിജി കൃഷ്ണഘോഷ് എന്നിവര് വിജയിച്ചു.

പാലക്കാട് ജില്ല

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക നഗറില് എല്ഡിഎഫിലെ തൗഷിക എം, ആലത്തൂര് ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ ഡിവിഷനില് എല്ഡിഎഫിലെ രേഖ സന്തോഷ്, പല്ലശന ജില്ലാ ഡിവിഷനില് എല്ഡിഎഫിലെ വി പൊന്നുക്കുട്ടന്, കരിമ്പ ഗ്രാമപഞ്ചായത്തിലെ വെട്ടം വാര്ഡില് യുഡിഎഫിലെ അബ്ദുള് ജലീല് എ. എ., പട്ടാഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുചെള്ളയില് എല്ഡിഎഫ് സ്വതന്ത്ര ബിന്ദുകുമാരി, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ രാഗം കോര്ണറില് യുഡിഎഫിലെ ഗിരീശനും വിജയിച്ചു.

മലപ്പുറം ജില്ല

വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കടായ വാര്ഡില് യുഡിഎഫിലെ കെ. പി. ഹസീന ഫസല്, മങ്കട ഗ്രാമപഞ്ചായത്തിലെ കടന്നമണ്ണ വാര്ഡില് യുഡിഎഫ് സ്വതന്ത്രന് പാത്തൂട്ടി അബ്ദു റഹ്മാന്, കാലടി ഗ്രാമപഞ്ചായത്തിലെ വെരൂര് വാര്ഡില് എല്ഡിഎഫിലെ അഭിലാഷ്, താനാളൂര് ഗ്രാമപഞ്ചായത്തിലെ മൂലയ്ക്കല് വാര്ഡില് യുഡിഎഫിലെ ബുഷ്റ ടീച്ചര് എന്നിവര് വിജയിച്ചു.

കോഴിക്കോട് ജില്ല

കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ കുറ്റിച്ചിറ വാര്ഡില് യുഡിഎഫിലെ ഫര്സീന വിജയിച്ചു. പേരമ്പ്ര എംഎല്എ ഫാത്തിമ തെഹ്ലിയ രാജിവച്ചതിനെ തുടര്ന്ന് ഒഴിവു വന്ന സീറ്റാണിത്.

കണ്ണൂര് ജില്ല

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോട് ഈസ്റ്റ് വാര്ഡ് യുഡിഎഫില് നിന്ന് എല്ഡിഎഫ് പിടിച്ചെടുത്തു. മട്ടന്നൂര് മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാല് എല്ഡിഎഫിലെ എകെ സുരേഷ് വിജയിച്ചു.

കാസര്കോട് ജില്ല

പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പിലിക്കോട് വാര്ഡില് സിപിഎമ്മിലെ ഓമന ടി വിജയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News