ഗ്യാനേഷ് കുമാറിനെ പുറത്താക്കണം, പ്രധാനമന്ത്രി രാജിവക്കണം; മല്ലികാര്ജുന് ഖാര്ഗെ
New delhi, 29 സെപ്റ്റംബര്‍ (H.S.) എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകളില്‍ ഉത്തരവാദിയായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് ഉടനടി നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ തലവനെ
During the Monsoon Session of Parliament, Congress President Mallikarjun Kharge and Congress MP Priyanka Gandhi Vadra, along with MPs from the INDIA alliance,


New delhi, 29 സെപ്റ്റംബര്‍ (H.S.)

എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകളില്‍ ഉത്തരവാദിയായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് ഉടനടി നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ തലവനെ സമ്മര്‍ദ്ദത്തിലാക്കി ഭരണകക്ഷിക്കായി ചട്ടങ്ങള്‍ വളച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധാര്‍മ്മിക ഉത്തരവാദിത്തമേറ്റ് രാജി വെക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അകോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാര്‍ഗെ.

വോട്ടര്‍പട്ടിക ക്രമക്കേടുകള്‍ക്കും ഗ്യാനേഷ് കുമാറിനും സര്‍ക്കാരിനുമെതിരെ തെരുവുകളിലും പാര്‍ലമെന്റിലും ശക്തമായ പോരാട്ടം നയിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണര്‍മാര്‍ തന്നെ സി.ഇ.സിയുടെ നടപടികള്‍ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് തുറന്നുകാട്ടിയതോടെ, ഭരണകക്ഷിയെ സഹായിക്കാന്‍ കമീഷന്‍ നടത്തുന്ന നീക്കങ്ങള്‍ രാജ്യത്തിന് ബോധ്യപ്പെട്ടതായി ഖാര്‍ഗെ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ പദവിയില്‍ തുടരാന്‍ ഗ്യാനേഷ് കുമാറിന് യാതൊരു അര്‍ഹതയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് മുന്നോട്ടുവെച്ച 5 പ്രധാന ആവശ്യങ്ങള്‍:

1. വിവരങ്ങള്‍ പരസ്യപ്പെടുത്തുക: വോട്ടര്‍പട്ടികയില്‍ വരുത്തിയ എല്ലാ മാറ്റങ്ങളും സംബന്ധിച്ച പൂര്‍ണമായ ഡാറ്റ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ലഭ്യമാക്കുക.

2. അപ്പീലിന് അവസരം: വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റപ്പെട്ട എല്ലാ വോട്ടര്‍മാര്‍ക്കും അപ്പീല്‍ നല്‍കാന്‍ കൃത്യമായ അവസരം നല്‍കുക.

3. ലളിതമായ ഫോര്‍മാറ്റില്‍ പട്ടിക: എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ലളിതമായ ഫോര്‍മാറ്റില്‍ പുതുക്കിയ വോട്ടര്‍പട്ടിക കൈമാറുക.

4. നിഷ്പക്ഷ അന്വേഷണം: വോട്ടര്‍പട്ടികയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയ എല്ലാ മണ്ഡലങ്ങളിലും സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണം നടത്തുക.

5. പ്രക്രിയയില്‍ പൂര്‍ണ സുതാര്യത: വിവരങ്ങള്‍ മറച്ചുവെക്കുന്നു എന്ന പ്രതീതി ഇല്ലാതാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ സമ്പൂര്‍ണ സുതാര്യത ഉറപ്പാക്കുക.

ഭരണഘടനയുടെ കാതലും ജനാധിപത്യത്തിന്റെ ആത്മാവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ പാര്‍ട്ടി തയ്യാറാണെന്ന് ഖാര്‍ഗെ വ്യക്തമാക്കി. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ 'വോട്ട് ചോരി' ആരോപണം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്ന രാഹുല്‍ ഗാന്ധിക്കൊപ്പം ഉറച്ചുനിന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ഖാര്‍ഗെ അഭിനന്ദിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.ഡബ്ല്യു.സി യോഗത്തില്‍ മുന്‍ പാര്‍ട്ടി അധ്യക്ഷന്‍മാരായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍, ജയറാം രമേശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. വിഷയത്തില്‍ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നതിനായി ബുധനാഴ്ച 'ഇന്ത്യ' മുന്നണി നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News