Enter your Email Address to subscribe to our newsletters

New delhi, 29 സെപ്റ്റംബര്‍ (H.S.)
മരുന്നുകളുടെ വിലനിര്‍ണയം സാധാരണക്കാര്‍ക്ക് വലിയ ദുരിതമുണ്ടാകുന്ന തരത്തിലാകരുതെന്ന് സുപ്രീം കോടതി. മരുന്നുകള്‍ക്ക് രേഖപ്പെടുത്തിയിട്ടുള്ള ചില്ലറ വിലയും (എംആര്‍പി) ആശുപത്രികള്‍ യഥാര്‍ഥത്തില്‍ ഈടാക്കുന്ന തുകയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മരുന്നുകളുടെ വിലയില്‍ കര്‍ശനമായ നിയന്ത്രണം ഉറപ്പാക്കുന്നത് ഉള്‍പ്പെടെ, മരുന്നുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കുന്ന രണ്ട് ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ബെഞ്ച്. തുടര്‍ന്ന് വിഷയം ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ചയില്‍ വീണ്ടും പരിഗണിക്കാന്‍ ബെഞ്ച് തീരുമാനിച്ചു.
22,437 രൂപ എംആര്‍പിയുള്ള ഒരു കുത്തിവയ്പ്പ് മരുന്നിന് ചില്ലറ വ്യാപാരിക്ക് ലഭിക്കുന്ന വില 3,520 രൂപ മാത്രമാണെന്നതുള്‍പ്പെടെയുള്ള ഉദാഹരണങ്ങളും കോടതി എടുത്ത് പറഞ്ഞു. ഈ വില വ്യത്യാസം ആരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്ന് ചോദിച്ച കോടതി, രോഗികള്‍ പലപ്പോഴും ആശുപത്രികളിലെ ഫാര്‍മസികളില്‍ നിന്ന് തന്നെ മരുന്ന് വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും വ്യക്തമാക്കി. പുറത്തുള്ള കടകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്ന് വാങ്ങിയാല്‍ അതിന്റെ ആധികാരികതയില്‍ രോഗികള്‍ക്ക് സംശയം തോന്നിയേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
അമിതലാഭം തടയുന്നതിനും നികുതി ദായകരെ സംരക്ഷിക്കുന്നതിനുമായി 'ഡ്രഗ്സ് പ്രൈസസ് കണ്‍ട്രോള്‍ ഓര്‍ഡര്‍' (ഡിപിസിഒ) പ്രകാരം, പരമാവധി ചില്ലറ വില്‍പ്പന വില (എംആര്‍പി) ചില്ലറ വില്‍പ്പനക്കാരന്റെ (പിടിആര്‍) വിലയേക്കാള്‍ 16 ശതമാനത്തില്‍ കൂടുതലാകരുതെന്ന് നിര്‍ദേശിച്ചു.
വാദം കേള്‍ക്കുന്നതിനിടെ, മുഴുവന്‍ നിയന്ത്രണ സംവിധാനവും അതിന് പിന്നിലെ യുക്തിയും ബെഞ്ചിന്റെ പരിശോധനയ്ക്കായി രേഖാമൂലം സമര്‍പ്പിച്ചതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബെഞ്ചിന് മുന്നിലുള്ള നടപടികളില്‍ പങ്കുചേര്‍ന്നു. കോടതി അനുവദിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞ മേത്ത, വിഷയം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും നീതിയും സമതുലിതാവസ്ഥയും ഉറപ്പാക്കുന്ന ഒരു വഴി കണ്ടെത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S