Enter your Email Address to subscribe to our newsletters

Kolkota, 29 സെപ്റ്റംബര് (H.S.)
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി ഹസിറാണി രഥിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പ്രായവ്യത്യാസം ഉണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ ഹർജി കൽക്കട്ട ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ ബെഞ്ചാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഇതോടെ ഒക്ടോബർ 6-ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് മത്സരിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ അടുത്ത അനുയായിയായിരുന്ന ചന്ദ്രനാഥ് രഥിന്റെ മാതാവാണ് ബിജെപി സ്ഥാനാർത്ഥിയായ ഹസിറാണി രഥ്. ചന്ദ്രനാഥ് രഥ് കഴിഞ്ഞ മേയിൽ മധ്യംഗ്രാമിൽ വെച്ച് വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നന്ദിഗ്രാമിൽ ഹസിറാണിയെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ പ്രായവും വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും, അതിനാൽ സ്ഥാനാർത്ഥിത്വം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്.
കോൺഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ റിജു ഘോഷാൽ കോടതിയിൽ ഉന്നയിച്ച വാദം, സ്ഥാനാർത്ഥി സമർപ്പിച്ച രേഖകൾ സൂക്ഷ്മപരിശോധന നടത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപരമായ ബാധ്യതയാണെന്നാണ്. സത്യവാങ്മൂലത്തിൽ കാണിച്ച പ്രായം ശരിയാണെങ്കിൽ വിദ്യാഭ്യാസ വിവരങ്ങൾ പരിശോധിക്കണമെന്നും, വിദ്യാഭ്യാസ വിവരങ്ങൾ ശരിയാണെങ്കിൽ പ്രായം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് വാദിച്ചു.
എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കോൺഗ്രസിന്റെ ഹർജിയെ ശക്തമായി എതിർത്തു. സെപ്റ്റംബർ 17-ന് തന്നെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതാണെന്നും, അതിനുശേഷം ഇത്തരമൊരു തർക്കം ഉന്നയിക്കാൻ നിയമപരമായി സാധിക്കില്ലെന്നും കമ്മീഷന്റെ അഭിഭാഷകരായ ജിഷ്ണു ചൗധരിയും മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡുവും വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പരമാവധി പ്രായപരിധി ഇന്ത്യയിലെ ജനപ്രാതിനിധ്യ നിയമം നിഷ്കർഷിക്കുന്നില്ല. അതിനാൽ പ്രായത്തിലെ ചെറിയ അപാകതകൾ ഒരു സ്ഥാനാർത്ഥിയെ അയോഗ്യനാക്കാനുള്ള ഗുരുതരമായ വീഴ്ചയായി (Material Defect) കണക്കാക്കാനാവില്ലെന്നും കമ്മീഷൻ വാദിച്ചു. നാമനിർദ്ദേശ പത്രിക റദ്ദാക്കാൻ അർഹതയില്ലാത്ത ആരോപണങ്ങളുയർത്തി തിരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്താൻ കഴിയില്ലെന്ന നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്.
ഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ സെപ്റ്റംബർ 25-ന് പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റിവെച്ചിരുന്നു. കേസ് വിശദമായി പരിശോധിച്ച ജസ്റ്റിസ് കൃഷ്ണ റാവു, കോൺഗ്രസിന്റെ ഹർജിക്ക് നിയമപരമായ നിലനിൽപ്പില്ലെന്ന് വ്യക്തമാക്കി അത് തള്ളുകയായിരുന്നു. ബംഗാൾ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധാകേന്ദ്രമായ നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ, ഹൈക്കോടതിയുടെ ഈ വിധി ബിജെപിക്ക് വലിയ രാഷ്ട്രീയ ആശ്വാസമായി മാറിയിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K