'ശിവൻ പാവങ്ങളുടെ ദൈവം, രാമൻ പണക്കാരുടേത്'; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന വിവാദത്തിൽ, ആഞ്ഞടിച്ച് ബിജെപി
Newdelhi , 29 സെപ്റ്റംബര് (H.S.) ന്യൂഡൽഹി: ഭഗവാൻ ശിവൻ പാവപ്പെട്ടവരുടെ ദൈവമാണെന്നും ശ്രീരാമൻ പണക്കാരുടെ ദൈവമാണെന്നുമുള്ള തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ പരാമർശം ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. ബിജെപിയെ കടന്നാക്രമിക്
'ശിവൻ പാവങ്ങളുടെ ദൈവം, രാമൻ പണക്കാരുടേത്'; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന വിവാദത്തിൽ, ആഞ്ഞടിച്ച് ബിജെപി


Newdelhi , 29 സെപ്റ്റംബര് (H.S.)

ന്യൂഡൽഹി: ഭഗവാൻ ശിവൻ പാവപ്പെട്ടവരുടെ ദൈവമാണെന്നും ശ്രീരാമൻ പണക്കാരുടെ ദൈവമാണെന്നുമുള്ള തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ പരാമർശം ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. ബിജെപിയെ കടന്നാക്രമിക്കുന്നതിനിടെയാണ് രേവന്ത് റെഡ്ഡി വിവാദപരമായ പ്രസ്താവന നടത്തിയത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദു ദൈവങ്ങളെയും ജനങ്ങളെയും ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി.

വിവാദത്തിന് വഴിവെച്ച പ്രസംഗം

ഡൽഹിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് തെലങ്കാന മുഖ്യമന്ത്രി ഈ പരാമർശങ്ങൾ ഉന്നയിച്ചത്. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് സ്വാധീനമുള്ളപ്പോൾ ഉത്തരേന്ത്യയിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും പാർട്ടി എന്തുകൊണ്ട് പിന്നോട്ട് പോകുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഞങ്ങൾ ദ്രാവിഡരാണ്, വടക്കുള്ളവർ ആര്യന്മാരും. ഞങ്ങൾ ശിവന്റെ ഭക്തരാണ്, അവർ ശ്രീരാമന്റെ ഭക്തരും. ബിജെപി ശ്രീരാമനെ 'മോഷ്ടിക്കുക'യായിരുന്നു. അതൊരു വൈകാരികതയാണ്, വികാരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് 'ഹർ ഹർ മഹാദേവ്' എന്ന് വിളിക്കാത്തത്? ബിജെപിക്കാർ എപ്പോഴെങ്കിലും വേദിയിൽനിന്ന് ഹർ ഹർ മഹാദേവ് എന്ന് വിളിച്ചിട്ടുണ്ടോ? അവർ 'ജയ് ശ്രീറാം' എന്ന് മാത്രമാണ് പറയുന്നത്. ഞങ്ങൾ ഹർ ഹർ മഹാദേവ് എന്ന് വിളിക്കുമ്പോൾ അവർക്കത് ഇഷ്ടപ്പെടുന്നില്ല, രേവന്ത് റെഡ്ഡി പറഞ്ഞു.

തുടർന്നാണ്, ശിവൻ ദരിദ്രരുടെ ദൈവമാണ്, രാമൻ പണക്കാരുടേതും; ബിജെപി പണക്കാരുടെ പാർട്ടിയുമാണ് എന്ന് അദ്ദേഹം ആരോപിച്ചത്. രാജ്യത്തെ വോട്ടർപട്ടിക പുതുക്കലുമായി (SIR) ബന്ധപ്പെട്ട നടപടികൾ ബിജെപിക്ക് വോട്ട് തട്ടിയെടുക്കാനാണെന്നും, ഇതിനെതിരെ സ്വാതന്ത്ര്യസമര കാലത്തെ 'സൈമൺ ഗോ ബാക്ക്' സമരത്തിന് സമാനമായി പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ ആഭ്യന്തരം, പ്രതിരോധം, വാണിജ്യം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം ഉത്തരേന്ത്യൻ നേതാക്കളാണ് കൈകാര്യം ചെയ്യുന്നതെന്നും രേവന്ത് കുറ്റപ്പെടുത്തി.

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജെപിയും കേന്ദ്ര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറും പ്രതികരിച്ചത്. 'മുസ്ലിം എന്നാൽ കോൺഗ്രസ്, കോൺഗ്രസ് എന്നാൽ മുസ്ലിം' എന്ന് മുൻപ് പ്രസംഗിച്ച നേതാവാണ് ഇപ്പോൾ ശ്രീരാമനും ശിവനുമിടയിൽ അതിർവരമ്പുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് ബണ്ടി സഞ്ജയ് കുമാർ എക്സിൽ കുറിച്ചു.

ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന വേമുലവാഡയും, ദക്ഷിണ അയോധ്യയെന്ന് വിശേഷിപ്പിക്കുന്ന ഭദ്രാചലവും സ്ഥിതി ചെയ്യുന്ന തെലങ്കാനയുടെ മുഖ്യമന്ത്രി ഇത്തരം വേർതിരിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭഗവാൻ ശിവൻ കാളകൂടവിഷം കുടിച്ച് നീലകണ്ഠനായി മാറി. എന്നാൽ ഇന്ന് കോൺഗ്രസ് സ്വന്തമായി വിഷം കലക്കുകയാണ്; ജാതികളെ തമ്മിലടിപ്പിക്കുന്നു, വടക്കും തെക്കുമെന്ന വേർതിരിവ് ഉണ്ടാക്കുന്നു, ഇപ്പോൾ ശിവനെയും രാമനെയും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു, ബണ്ടി സഞ്ജയ് വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത് കാശി വിശ്വനാഥന്റെ പുണ്യഭൂമിയായ വാരാണസിയെയാണെന്നും, സ്വാതന്ത്ര്യത്തിനു ശേഷം വേമുലവാഡയിലെ രാജരാജേശ്വര ക്ഷേത്രം സന്ദർശിച്ച ആദ്യ പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷ്ണുവിന്റെ ഹൃദയത്തിൽ ശിവനും ശിവന്റെ ഹൃദയത്തിൽ വിഷ്ണുവുമുണ്ട് എന്നതാണ് സനാതന ധർമ്മത്തിന്റെ അടിത്തറയെന്നും, രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള കോൺഗ്രസിന്റെ കുതന്ത്രങ്ങൾ തിരിച്ചറിയണമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News