Enter your Email Address to subscribe to our newsletters

Ernakulam , 30 സെപ്റ്റംബര് (H.S.)
അറബിക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും (ATS) ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി.
അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 3,000 കോടി രൂപ വിലമതിക്കുന്ന 526 കിലോഗ്രാം മയക്കുമരുന്നാണ് സുരക്ഷാസേന പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിൻ്റെ ജീവനക്കാരായ അഞ്ച് പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടൽ മേഖലയിൽ വെച്ചാണ് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡിൻ്റെയും എടിഎസിൻ്റെയും നിരീക്ഷണ വലയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ബോട്ടിൽ ഒളിപ്പിച്ച നിലയിൽ കടത്തുകയായിരുന്ന വൻ ലഹരിശേഖരം കണ്ടെത്തിയത്.
പിടിച്ചെടുത്ത മയക്കുമരുന്നും ഇറാനിയൻ ബോട്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പാകിസ്ഥാൻ പൗരന്മാരെ കൂടുതൽ ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റി. ലഹരിമരുന്ന് എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും ഇത് ആർക്കുവേണ്ടിയാണ് എത്തിച്ചതെന്നുമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തീരസംരക്ഷണ സേന വ്യോമ-നാവിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് കടലിൽ വിപുലമായ തിരച്ചിൽ നടത്തുകയായിരുന്നു. സെപ്റ്റംബർ 25ന് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇറാനിയൻ 'ധോ' ബോട്ടിനെ റഡാറുകളിലൂടെയും വിമാനങ്ങളിലൂടെയും ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിച്ചു. സുരക്ഷാസേനയെ കണ്ടതോടെ ബോട്ട് വേഗത്തിലാക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കോസ്റ്റ് ഗാർഡ് കപ്പലുകൾ അതിവേഗം പിന്തുടർന്ന് ബോട്ടിനെ വളയുകയും സാഹസികമായി അതിൽ കയറി കീഴടക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹെറോയിൻ, മെത്താംഫെറ്റമിൻ എന്നീ മാരക മയക്കുമരുന്നുകൾ അടങ്ങിയ ഉയർന്ന ഗുണനിലവാരമുള്ള നിരോധിത വസ്തുക്കൾ കണ്ടെടുത്തത്.
ബോട്ടിൻ്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്ത സുരക്ഷാസേന, അതിൽ നിയമവിരുദ്ധമായി യാത്ര ചെയ്തിരുന്ന അഞ്ച് പാകിസ്ഥാൻ പൗരന്മാരെയും അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ബോട്ടും മയക്കുമരുന്ന് ശേഖരവും കസ്റ്റഡിയിലായ പ്രതികളെയും ആയുധധാരികളായ സേനാംഗങ്ങളുടെ ശക്തമായ സുരക്ഷാ അകമ്പടിയോടെ കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി മുംബൈ തുറമുഖത്ത് എത്തിച്ചു. മുംബൈയിൽ വിവിധ കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെയും ഭീകരവിരുദ്ധ സേനയുടെയും നേതൃത്വത്തിൽ വിപുലമായ ചോദ്യം ചെയ്യലും നിയമനടപടികളും നടന്നുവരികയാണ്.
ഇന്ത്യയുടെ സമുദ്ര അതിർത്തിക്കുള്ളിലും പരിധിയിലുള്ള വിശാല മേഖലകളിലും ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ തീരസംരക്ഷണ സേനയുടെ ശക്തമായ നിരീക്ഷണ ശേഷിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും വ്യക്തമാക്കുന്നതാണ് ഈ നേട്ടം. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തകർക്കുന്നതിനും മാരകമായ കൃത്രിമ മയക്കുമരുന്നുകൾ രാജ്യത്തിൻ്റെ മണ്ണിലേക്ക് എത്തുന്നതിനുമുൻപ് പൂർണമായി തടയുന്നതിനും ഈ ചരിത്രപരമായ ദൗത്യത്തിലൂടെ സാധിച്ചു. കേന്ദ്ര സർക്കാരിൻ്റെ ലഹരിമുക്ത ഭാരതം സൃഷ്ടിക്കാനുള്ള 'നശാ മുക്ത് ഭാരത് അഭിയാൻ' എന്ന ദേശീയ ദൗത്യത്തിന് വലിയൊരു ഊർജവും ബലവുമാണ് ഈ വിജയം നൽകുന്നത്. സമുദ്രമാർഗമുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായി കേന്ദ്ര ഏജൻസികളുമായി ചേർന്ന് കോസ്റ്റ് ഗാർഡ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഓപ്പറേഷൻ. മുൻപ് 2025 ഏപ്രിലിൽ ഗുജറാത്ത് തീരത്തുവച്ച് എടിഎസുമായി ചേർന്ന് നടത്തിയ സമാനമായ മറ്റൊരു ദൗത്യത്തിൽ 307 കിലോഗ്രാം മയക്കുമരുന്ന് കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു.
കേരളത്തിലെ ലഹരി മാഫിയഅതേസമയം, പുറത്തുവരുന്ന വിവരങ്ങളെക്കാൾ വലുതാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയാ സംഘങ്ങളെന്ന് റിപ്പോർട്ടുകളുണ്ട്. ക്രിപ്റ്റോ കറൻസി വഴിയുള്ള ഇടപാടുകളും ഹവാല പണമിടപാടുകളും ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ ലഹരിവസ്തുക്കൾ കടത്തുന്നത്. വിദേശത്തേക്ക് പണം കൈമാറി കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്ന വലിയൊരു ശൃംഖല തന്നെ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലെ അധോലോകങ്ങളിൽ സജീവമാണെന്നാണ് വിവരം.
രാജ്യത്തിൻ്റെ സമുദ്ര അതിർത്തികളെ ഏതുനിമിഷവും അടിയന്തരമായി സംരക്ഷിക്കുന്നതിനും വരുംതലമുറയെയും യുവാക്കളെയും മയക്കുമരുന്നിൻ്റെ മാരക വിപത്തിൽനിന്ന് പൂർണമായി കാത്തുസൂക്ഷിക്കുന്നതിനും സമുദ്ര മേഖലയിലുടനീളം പൂർണ സുരക്ഷ നിലനിർത്തുന്നതിനും തീരസംരക്ഷണ സേന എപ്പോഴും സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR