Enter your Email Address to subscribe to our newsletters

Ernakulam , 30 സെപ്റ്റംബര് (H.S.)
കൊച്ചിയുടെ കൊളോണിയൽ ചരിത്രത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും പ്രതീകമായ ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ 'കോഡർ ഹൗസി'ൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രിയോടെയുണ്ടായ അഗ്നിബാധയിൽ മൂന്ന് നിലകളുള്ള പൈതൃക മന്ദിരത്തിൻ്റെ മുകൾഭാഗവും മേൽക്കൂരയും പൂർണമായും കത്തിയമർന്നു.
തേക്ക് തടിയിൽ തീർത്ത അപൂർവ നിർമിതികളും മനോഹരമായ കൊത്തുപണികളുള്ള പുരാതന ഫർണിച്ചറുകളും ത തറകളും നിമിഷനേരം കൊണ്ടാണ് ചാരമായത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
നൂറ്റാണ്ടുകളുടെ ഓർമകളും സാംസ്കാരിക കൈമാറ്റങ്ങളും പേറിനിന്ന ഈ ചരിത്ര സ്മാരകത്തിനുണ്ടായ നാശനഷ്ടം കൊച്ചിയുടെ ഹെറിറ്റേജ് ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം
കൊച്ചിയിലെ ജൂത പാരമ്പര്യത്തിൻ്റെയും ഇൻഡോ-യൂറോപ്യൻ വാസ്തുവിദ്യയുടെയും ഏറ്റവും ആധികാരികമായ അടയാളങ്ങളിലൊന്നാണ് ടവർ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ പ്രൗഢമായ നിർമിതി. പത്തൊൻപറ്റാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, 1808-ൽ ഒരു പഴയ പോർച്ചുഗീസ് മാളികയുടെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഈ കെട്ടിടത്തിൻ്റെ ആദ്യ രൂപം ഉയർന്നുവന്നത്. തുടർന്ന് 1905-ൽ കൊച്ചിയിലെ പ്രമുഖ ജൂത വ്യവസായിയും കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ സ്ഥാപകനുമായിരുന്ന സാമുവൽ എസ്. കോഡർ ഈ കെട്ടിടം സ്വന്തമാക്കുകയും ഇന്നത്തെ കാണുന്ന പ്രൗഢിയിലേക്ക് വിപുലമായി പുനരുദ്ധരിക്കുകയും ചെയ്തു.
തൻ്റെ മൂന്ന് ആൺമക്കൾക്കായി നിർമിച്ച ഈ വലിയ ഭവനത്തിൻ്റെ പല ഭാഗങ്ങളും യൂറോപ്പിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത് കൂട്ടിയോജിപ്പിച്ചതാണെന്ന് പുരാവസ്തു രേഖകൾ വ്യക്തമാക്കുന്നു. കൊച്ചി നഗരത്തിലേക്ക് ആദ്യമായി വൈദ്യുതി എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കോഡർ കുടുംബത്തിൻ്റെ പ്രതാപകാലത്തിൻ്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഈ മന്ദിരം.
ഇൻ്റാക്, കേരള ടൂറിസം വകുപ്പ് എന്നിവയുടെ പൈതൃക പട്ടികയിൽ മുൻനിരയിലുള്ള കോഡർ ഹൗസ് വാസ്തുവിദ്യാ പ്രേമികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു. ചുവന്ന ഇഷ്ടികകൾ പാകിയ മനോഹരമായ പുറംചുവരുകളും തേക്ക് തടിയിൽ തീർത്ത ഭീമാകാരമായ ഗോവണികളും ഇതിന് രാജകീയ പ്രൗഢി നൽകി. ചെസ് ബോർഡ് മാതൃകയിലുള്ള തറയോടുകൾ, ബെൽജിയത്തിൽ നിന്ന് വരുത്തിയ കൂറ്റൻ ഗ്ലാസ് ജാലകങ്ങൾ എന്നിവ കെട്ടിടത്തിൻ്റെ ഉൾവശത്തെ ഏറെ ആകർഷകമാക്കിയിരുന്നു. 1920-ൽ നിർമിച്ച, റോഡിന് കുറുകെയുള്ള തടി തൂക്കുപാലം ഈ കെട്ടിടത്തെ തൊട്ടടുത്തുള്ള ഓഫീസുമായി ബന്ധിപ്പിച്ചിരുന്നു. കൂടാതെ, ജൂതന്മാരുടെ ആചാരപരമായ ശുദ്ധീകരണ സ്നാനത്തിന് ഉപയോഗിക്കുന്ന കൊച്ചിയിലെ ഏക 'മിഖ്വ' സ്ഥിതി ചെയ്യുന്നത് ഈ കെട്ടിട സമുച്ചയത്തിലാണ് എന്നത് ഇതിൻ്റെ ചരിത്രപരമായ പ്രാധാന്യം കൂടുതൽ വർധിപ്പിക്കുന്നു.
പ്രമുഖരുടെ പ്രിയസങ്കേതം
മുൻകാലങ്ങളിൽ വെള്ളിയാഴ്ച തോറും ഇവിടെ സൽക്കാരങ്ങൾ നടന്നിരുന്നു. ഇന്ത്യ സന്ദർശിച്ച വിദേശ രാജ്യങ്ങളിലെ പ്രസിഡൻ്റുമാർ, പ്രധാനമന്ത്രിമാർ, വൈസ്രോയിമാർ, നോബൽ പുരസ്കാര ജേതാക്കൾ തുടങ്ങിയ നിരവധി പ്രമുഖർ കൊച്ചിയിലെത്തിയപ്പോൾ കോഡർ ഹൗസിലാണ് ആതിഥ്യം സ്വീകരിച്ചത്. പിന്നീട് 2005-ൽ ഇതൊരു ആഡംബര പൈതൃക ബോട്ടിക് ഹോട്ടലായി മാറ്റി. പരമ്പരാഗത ജൂത വിഭവങ്ങൾ വിളമ്പിയിരുന്ന ഇതിലെ 'മെനോറ' റെസ്റ്റോറൻ്റ് ലോകമെമ്പാടുമുള്ള സഞ്ചാരികളെ കൊച്ചിയിലേക്ക് ആകർഷിച്ചിരുന്ന പ്രധാന ഘടകങ്ങളിലൊന്നായിരുന്നു.
അവഗണനയും പ്രതിഷേധവും
കൊച്ചിയിലെ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലന്ന് കൊച്ചിയുടെ ചരിത്രത്തെ കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എം. എം. സലിം പറഞ്ഞു.ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും വിനോദ സഞ്ചാരികൾ എത്തുന്നത് പൈതൃക സ്മാരകങ്ങൾ കാണാൻ വേണ്ടിയാണ്. എന്നാൽ പോലും ഈ കെട്ടിടങ്ങൾ സംരക്ഷിക്കാൻ നടപടികളൊന്നും ഉണ്ടാകുന്നില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൈതൃക മൂല്യമുള്ള കെട്ടിടങ്ങൾ ഒരോന്നായി നഷ്ട്ടപ്പെടുകയാണ്. കോഡർ ഹൗസിലുണ്ടായ തീ അണയ്ക്കുന്നതിലും വലിയ വീഴ്ചയാണ് സംഭവിച്ചത്. ഫയർഫോഴ്സ് എത്തിയെങ്കിലും ആവശ്യമായ സംവിധാനമോ വെള്ളമോ ഉണ്ടായിരുന്നില്ല. നേവിയുടെ ഫയർ എഞ്ചിൻ ഉൾപ്പടെ എത്തിയാണ് തീ പൂർണമായും അണച്ചത്.കൊച്ചിയുടെ ചെങ്കോട്ടയാണ് കോഡർ ഹൗസ് എന്നാണ് ഞങ്ങൾ വിശേഷിപ്പിക്കാറുള്ളതെന്നും എം. എം. സലിം പറഞ്ഞു.
കൊച്ചിയുടെ മുഖമുദ്ര കൂടിയാണ് ഈ കെട്ടിടം. മട്ടാഞ്ചേരിയിൽ വൈദ്യുതിയെത്തിച്ചതും ബോട്ട് സർവീസ് തുടങ്ങിയതും കോഡറായിരുന്നു. ഫോർട്ട് കൊച്ചി ഫെറി സർവീസ് ആരംഭിച്ചതും അദ്ദേഹമായിരുന്നു. മൂന്നാമത്തെ തലമുറയാണ് കോഡർ ഹൗസ് വില്പന നടത്തിയതെന്നും എം. എം. സലിം പറഞ്ഞു.
മട്ടാഞ്ചേരിയിലെ ജൂത തെരുവിലെ വ്യാപാരിയും ജൂത സമൂഹവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന താഹയ്ക്ക് പറയാനുള്ളതും ചരിത്ര നിർമിതികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ്. ഇതൊരു മുന്നറിയിപ്പായി സർക്കാർ സംവിധാനങ്ങൾ എടുക്കുകയും തീപിടിത്തം ഉൾപ്പടെ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുകയും വേണം. ഒരിക്കൽ നഷ്ട്ടപ്പെട്ടാൽ ചരിത്ര പ്രാധാന്യമുള്ള വസ്തുക്കൾ പിന്നെ ലഭിക്കില്ല. രണ്ടും മൂന്നും നൂറ്റാണ്ടു പഴക്കമുള്ള ചരിത്ര നിർമിതികൾ സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും താഹ മട്ടാഞ്ചേരി ആവശ്യപ്പെട്ടു. ഇന്ന് നിലവിൽ കാണുന്ന രീതിയിൽ കോഡർ ഹൗസിൻ്റെ മുൻഭാഗം നവീകരിച്ചിട്ട് എൺപത് വർഷത്തോളമായെന്നും ഇതേക്കുറിച്ച് താൻ ബന്ധപ്പെട്ടവരുമായി ആശയ വിനിമയം നടത്തിയിരുന്നതായും അദ്ദേഹം വ്യകതമാക്കി.
പൈതൃകത്തിൻ്റെ തീരാനഷ്ടം
കൊച്ചിയുടെ ഹെറിറ്റേജ് ടൂറിസത്തിന് കനത്ത തിരിച്ചടിയാണ് ഈ ദുരന്തം സൃഷ്ടിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളുടെ ഓർമകളും സാംസ്കാരിക കൈമാറ്റങ്ങളും പേറിനിന്ന ഒരു ചരിത്ര സ്മാരകത്തിൻ്റെ വലിയൊരു ഭാഗമാണ് നിമിഷങ്ങൾക്കുള്ളിൽ ചാമ്പലായത്. ഈ സംഭവം ഫോർട്ട് കൊച്ചിയുടെ സാംസ്കാരിക ഭൂപടത്തിലും പൈതൃക ടൂറിസത്തിലും നികത്താനാകാത്ത വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR