Enter your Email Address to subscribe to our newsletters

Jalandhar , 30 സെപ്റ്റംബര് (H.S.)
ജലന്ധർ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലേറ്റിയാൽ 2029 ഡിസംബർ 31-നകം പഞ്ചാബിനെ സമ്പൂർണ്ണമായി ലഹരിമുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വേരൂന്നിയ സിന്തറ്റിക് ലഹരിമരുന്ന് വ്യാപാരത്തിനെതിരെ ആം ആദ്മി പാർട്ടി (എഎപി) സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം എഎപി നേതൃത്വത്തിനും മുഖ്യമന്ത്രി ഭഗവന്ത് മന്നിനുമെതിരെ രൂക്ഷമായ രാഷ്ട്രീയ ആക്രമണം അഴിച്ചുവിട്ടു.
ബിജെപി സംഘടിപ്പിച്ച ‘നശാ മുക്ത് പഞ്ചാബ് യാത്ര’യുടെ സമാപനത്തോടനുബന്ധിച്ച് ജലന്ധറിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. പത്താൻകോട്ടിൽ നിന്ന് ആരംഭിച്ച് 13 ദിവസങ്ങളിലായി 4,000 കിലോമീറ്ററിലധികം സഞ്ചരിച്ച് സംസ്ഥാനത്തെ 117 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോയ ശേഷമാണ് യാത്ര ജലന്ധറിൽ സമാപിച്ചത്.
പ്രധാന തെരഞ്ഞെടുപ്പ് വിഷയം ലഹരിവിരുദ്ധ പോരാട്ടം
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ലഹരിമാഫിയക്കെതിരായ പോരാട്ടമായിരിക്കും ബിജെപിയുടെ പ്രധാന പ്രചാരണ വിഷയമെന്ന് അമിത് ഷാ വ്യക്തമാക്കി. കർഷക പ്രശ്നങ്ങളും വ്യവസായവും ക്രമസമാധാനവും സ്ത്രീസുരക്ഷയുമടക്കം ഒട്ടേറെ വെല്ലുവിളികൾ പഞ്ചാബ് നേരിടുന്നുണ്ടെങ്കിലും, സംസ്ഥാനത്തിന്റെ ഭാവിയെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയയെ തുടച്ചുനീക്കുന്നതിനാണ് പാർട്ടി പ്രഥമ പരിഗണന നൽകുന്നത്. താമര ചിഹ്നത്തിൽ വോട്ട് ചെയ്ത് ബിജെപിയെ അധികാരത്തിലെത്തിച്ചാൽ 2029 ഡിസംബർ 31-ഓടെ സിന്തറ്റിക് ഡ്രഗ്ഗ്സിന്റെ കച്ചവടം പൂർണ്ണമായും ഇല്ലാതാക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.
'കെജ്രിവാളും കൂട്ടരും' വാഗ്ദാനങ്ങൾ മാത്രം നൽകുന്നു
എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെയും പാർട്ടിയെയും കടന്നാക്രമിച്ച അമിത് ഷാ, തങ്ങൾ നൽകിയ വാഗ്ദാനങ്ങൾ എപ്പോഴും നടപ്പിലാക്കിയ ചരിത്രമാണ് ഉള്ളതെന്ന് ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനും, 50 വർഷമായി തുടരുന്ന നക്സൽ പ്രശ്നത്തിന് പരിഹാരം കാണാനും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമതപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനും കേന്ദ്ര സർക്കാരിന് കഴിഞ്ഞു. ഇനി സിന്തറ്റിക് ലഹരിയിൽ നിന്ന് പഞ്ചാബിനെ മോചിപ്പിക്കാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പേരെടുത്തു പറയാതെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ലഹരി ഉപയോഗിക്കുകയും ഗുരുക്കന്മാരെ അവഹേളിക്കുകയും ചെയ്യുന്നവർക്ക് പഞ്ചാബിനെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കില്ലെന്നും, ബിജെപിക്ക് മാത്രമേ അതിന് കരുത്തുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കണക്കുകൾ നിരത്തി കേന്ദ്രമന്ത്രി
രാജ്യത്ത് മയക്കുമരുന്ന് പിടികൂടുന്നതിൽ മോദി സർക്കാർ കൈവരിച്ച പുരോഗതിയെക്കുറിച്ചുള്ള കണക്കുകളും അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു. 2004 മുതൽ 2014 വരെയുള്ള കോൺഗ്രസ് ഭരണകാലത്ത് രാജ്യവ്യാപകമായി 26 ലക്ഷം കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്; ഇതിന്റെ മൂല്യം ഏകദേശം 40,000 കോടി രൂപയായിരുന്നു. എന്നാൽ 2014 മുതൽ 2024 വരെയുള്ള ബിജെപി ഭരണത്തിൽ 1.90 ലക്ഷം കോടി രൂപയോളം വിലമതിക്കുന്ന 1.2 കോടി കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തതായി അദ്ദേഹം അവകാശപ്പെട്ടു. പഞ്ചാബിലെ ആം ആദ്മി സർക്കാരിനെതിരെയുള്ള ബിജെപിയുടെ മുഖ്യ രാഷ്ട്രീയ ആയുധമായി ലഹരിവിരുദ്ധ പ്രചാരണം മാറുമെന്ന വ്യക്തമായ സൂചനയാണ് ഈ റാലിയിലൂടെ അമിത് ഷാ നൽകിയത്.
---------------
Hindusthan Samachar / Roshith K