Enter your Email Address to subscribe to our newsletters

Ernakulam , 05 സെപ്റ്റംബര് (H.S.)
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിട്ടിട്ടും സ്വന്തമായി മദ്യനയം രൂപീകരിക്കാത്തത് അപലപനീയമാണെന്ന് കെസിബിസി. പിണറായി സർക്കാരിൻ്റെ ജനവിരുദ്ധ മദ്യനയം അതേപടി തുടരുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.
കഴിഞ്ഞ സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ഭരണമാറ്റം സാധ്യമാക്കിയതെന്ന് മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരിക്കെതിരെ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്നുകൾക്കെതിരെ മാത്രം കേന്ദ്രീകരിക്കുകയാണ്.
മദ്യത്തെ പൂർണമായും സംരക്ഷിത മേഖലയാക്കി നിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പൊതുസമൂഹത്തിൽ മദ്യത്തെ മാന്യവത്കരിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വ്യാജമദ്യ ഉത്പാദന കേന്ദ്രങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് നിലവിലുള്ളത്. കള്ളുഷാപ്പുകളിലെ പരിശോധനയിൽ നിന്ന് ഓപ്പറേഷൻ തൂഫാൻ ബോധപൂർവം മാറിനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കർശന പരിശോധന വേണം
ചെത്തുന്ന പനകളുടെയും തെങ്ങുകളുടെയും എണ്ണവും അതിൽ നിന്ന് ലഭ്യമാകുന്ന കള്ളിൻ്റെ അളവും കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണം. കള്ളുഷാപ്പുകളിൽ വ്യാജ കള്ള് നിർമാണം നടക്കുന്നില്ലെന്നും ജനങ്ങൾക്ക് ലഭിക്കുന്നത് യഥാർഥ കള്ളാണെന്നും ഉറപ്പാക്കാൻ ഓപ്പറേഷൻ തൂഫാന് എന്തുകൊണ്ടാണ് വൈമുഖ്യമെന്ന് സർക്കാർ വ്യക്തമാക്കണം. യുവതലമുറയെ കള്ളുഷാപ്പുകളിലേക്ക് ആകർഷിക്കുന്നതിനായി അവയ്ക്ക് ഹോട്ടലുകളായി പ്രവർത്തിക്കാൻ അനുമതി കൊടുത്ത മുൻ പിണറായി സർക്കാരിൻ്റെ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
മയക്കുമരുന്നിനെതിരെയുള്ള സർക്കാരിൻ്റെ പോരാട്ടം അഭിനന്ദനാർഹമാണ്. എന്നാൽ അതിലും വലിയ അപകടകരമായ മദ്യമെന്ന ലഹരിയെ നിസാരവത്കരിക്കുന്നതും ബോധവത്കരണ പ്രക്രിയകളിൽ നിന്ന് മദ്യത്തെ ഒഴിവാക്കുന്നതും നീതീകരിക്കാനാവില്ല. സംസ്ഥാനത്തുടനീളം അബ്കാരി ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നുണ്ട്. ഇതുമൂലമാണ് നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾക്ക് സംരക്ഷണം ലഭിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ മദ്യവർജനത്തിന് മുൻഗണന നൽകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വേളയിലെ പ്രധാന വാഗ്ദാനം. എന്നാൽ ഈ വാഗ്ദാനം കാറ്റിൽപ്പറത്തുന്ന സമീപനമാണ് നിലവിൽ കാണാൻ കഴിയുന്നത്. കുടുംബങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന മദ്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.
പുതിയ മദ്യനയം പ്രഖ്യാപിക്കണംമദ്യലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്ന പുതിയ മദ്യനയം സർക്കാർ ഉടൻ പ്രഖ്യാപിക്കണം. നയരൂപീകരണ വേളയിൽ മദ്യ ലഹരി വിരുദ്ധ സംഘടനകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിക്കാൻ ഭരണാധികാരികൾ തയാറാകണം. മദ്യനയവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ ഉന്നയിക്കുന്നതിനായി കെസിബിസി പ്രതിനിധികൾ വരും ദിവസങ്ങളിൽ മുഖ്യമന്ത്രി വി.ഡി സതീശനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും പ്രസാദ് കുരുവിള അറിയിച്ചു.
മുൻ സർക്കാരിൻ്റെ മദ്യനയം സമൂലം തിരുത്തിയെഴുതാൻ സർക്കാർ തയാറാകണം. ഇക്കാര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നടപടികൾ മാതൃകയാക്കണം. കെഎസ്ആർടിസി, ആരാധനാലയങ്ങൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ അഞ്ഞൂറ് മീറ്റർ പരിധിയിലുള്ള മദ്യശാലകൾ അടച്ചുപൂട്ടണമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉത്തരവും സമിതി ചൂണ്ടിക്കാട്ടി. കേരളത്തിലും സമാനമായ രീതിയിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും മദ്യവിപത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR