കോഴിക്കോട് ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
Kozhikode , 05 സെപ്റ്റംബര് (H.S.) ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മാഹിക്കും വടകരയ്ക്കും ഇടയിൽ മുക്കാളി റെയിവേ സ്റ്റേഷനിലാണ് സംഭവം. ഇതോടെ ട്രെയിൻ ഗതാഗതം താത്ക്കാലികമായി നിർത്തിവച്ചു. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നവീ
Accident


Kozhikode , 05 സെപ്റ്റംബര് (H.S.)

ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മാഹിക്കും വടകരയ്ക്കും ഇടയിൽ മുക്കാളി റെയിവേ സ്റ്റേഷനിലാണ് സംഭവം. ഇതോടെ ട്രെയിൻ ഗതാഗതം താത്ക്കാലികമായി നിർത്തിവച്ചു. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുപോരുകയായിരുന്നു. ഇതെത്തുടർന്ന് നിർമാണ പ്രവൃത്തികൾക്കായി എത്തിയ ടിപ്പർ ലോറിയാണ് ട്രാക്കിലേക്ക് മറിഞ്ഞത്. ഇന്ന് (സെപ്തംബർ 5) രാവിലെ ഏഴരമണിയോടെയാണ് സംഭവം.

മണ്ണ് ഇറക്കിയതിന് ശേഷം തിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടാണ് അപകടം നടന്നത്. ടിപ്പർ ഓടിച്ചിരുന്ന ഡ്രൈവർക്ക് ഡ്രൈവിങ്ങിനിടെ പെട്ടെന്ന് അപസ്മാരം വന്നതാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആളപായമില്ല. ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്നാണ് പുറത്തുവരുന്ന വിവരം. അപകട സമയത്ത് മറ്റൊരു ട്രാക്കിലൂടെ വന്ന മെമു ട്രെയിൻ കടത്തിവിടുകയും ചെയ്തു.

അപകടത്തെത്തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള റെയിൽ ഗതാഗതമാണ് പൂർണമായും നിലച്ചത്. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം കുറച്ച് നാളുകളായിട്ട് വികസന പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ട്രാക്കിലേയ്ക്ക് ടിപ്പർ മറിഞ്ഞ ഉടൻ തന്നെ പൊലീസിനെയും രക്ഷാപ്രവർത്തകരെയും വിവരം അറിയിച്ചു. അവർ ഉടൻ സ്ഥലത്തെത്തി ടിപ്പർ ട്രാക്കിൽ നിന്ന് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഒപ്പം ട്രാക്കിൽ വീണ ലോറി മാറ്റുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി റെയിൽവേ അധികൃതരും പ്രദേശവാസികളും രംഗത്തിറങ്ങി. ലോറിയുടെ മുൻഭാഗം പ്ലാറ്റ്ഫോമിൽ തങ്ങിനിന്ന നിലയിലായിരുന്നു. മണിക്കൂറുകൾക്കൊടുവിലാണ് ലോറി ട്രാക്കിൽ നിന്ന് മാറ്റിയത്. ജെസിബിയും മറ്റൊരു ടിപ്പറും എത്തിച്ചാണ് മറിഞ്ഞ ലോറി ട്രാക്കിൽ നിന്നും കയറ്റിയത്. ലോക്കൽ ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പുള്ള സ്റ്റേഷൻ കൂടി ആയതിനാൽ അപകടസമയത്ത് മറ്റു ട്രെയിനുകൾ വരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

കോഴിക്കോട് ഭാഗത്തേക്കുള്ള റെയിൽ ഗതാഗതം തടസപ്പെട്ടു

ഇതേത്തുടർന്ന് പരശുറാം എക്സ്പ്രസ്, കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ ഒരു മണിക്കൂർ വൈകിയോടി. കോഴിക്കോട് ഭാഗത്തേയ്ക്ക് പരശുറാം എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. ഇതേത്തുടർന്ന് പരശുറാം മാഹി സ്റ്റേഷനിൽ പിടിച്ചിട്ടു. കോഴിക്കോട് പാസഞ്ചറും തലശേരി സ്റ്റേഷനിൽ പിടിച്ചിടുകയുണ്ടായി. പിന്നീട് ലോറി ട്രാക്കിൽ നിന്ന് മാറ്റിയതിന് ശേഷം പാളത്തിൻ്റെ സുരക്ഷാ പരിശോധനകൾ നടത്തിയതിന് ശേഷമാണ് ട്രെയിനുകൾ കടത്തിവിട്ടത്.യാത്രക്കാർക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News