Enter your Email Address to subscribe to our newsletters

Newdelhi , 19 നവംബര് (H.S.)
ദക്ഷിണ് ഡേ 2026-ൽ ഭാഷിണിയുടെ ബഹുഭാഷാ എ.ഐ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ (DIC) ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനാണ് (DIBD) പ്രദർശനത്തിൽ പങ്കെടുത്തത്. നവംബർ 17, 18 തീയതികളിൽ ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലായിരുന്നു ദ്വിദിന പരിപാടി.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡെവലപ്പിംഗ് കൺട്രീസ് (RIS) സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യ, ആഫ്രിക്ക, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നയരൂപീകരണ വിദഗ്ധർ, നയതന്ത്രജ്ഞർ, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ഒരുക്കിയ പ്രദർശന സ്റ്റാളിലൂടെ ഭാഷിണിയുടെ വിവിധ എ.ഐ അധിഷ്ഠിത ഭാഷാ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തി.
ബഹുഭാഷാ വിവർത്തനം, സംഭാഷണം തിരിച്ചറിയൽ, ശബ്ദരൂപീകരണം, ശബ്ദരേഖയെ എഴുത്താക്കി മാറ്റൽ, ലിപ്യന്തരണം തുടങ്ങിയ സാങ്കേതികവിദ്യകളുടെ തത്സമയ പ്രദർശനവും നടത്തി.
ഭരണം, വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിംഗ്, നിയമസേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഭാഷാ എ.ഐ സാങ്കേതികവിദ്യകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പ്രദർശനത്തിലൂടെ വിശദീകരിച്ചു. ജനങ്ങൾക്ക് അവരുടെ ഇഷ്ടഭാഷയിൽ വിവരങ്ങളും ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കുന്നതിലൂടെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനകീയമാക്കാൻ ഭാഷിണിക്ക് കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഭാഷിണി സ്റ്റാൾ സന്ദർശിച്ചു. ഭാഷിണി സംഘവുമായി സംവദിച്ച മന്ത്രി വിവിധ സാങ്കേതികവിദ്യകളുടെ തത്സമയ പ്രദർശനവും വീക്ഷിച്ചു. താൻ ഉപയോഗിച്ചിട്ടുള്ള മികച്ചതും പ്രയോജനപ്രദവുമായ പ്ലാറ്റ്ഫോമാണ് ഭാഷിണിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ ഉൾച്ചേർക്കൽ ശക്തിപ്പെടുത്തുന്നതിനും വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ബഹുഭാഷാ എ.ഐ സാങ്കേതികവിദ്യകൾക്ക് വലിയ സാധ്യതകളുണ്ടെന്ന് പ്രദർശനം ചൂണ്ടിക്കാട്ടി. വിവിധ ഭാഷാ സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യത്തിന്റെ പ്രധാന ഘടകമായും ഭാഷാ എ.ഐയെ അവതരിപ്പിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR