Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 നവംബര് (H.S.)
തിരുവനന്തപുരം: ചാരായം നിരോധിച്ചപ്പോഴുള്ള അവസ്ഥയല്ല ഇന്ന് രാജ്യമെമ്പാടുമുള്ളതെന്നും രാജ്യവ്യാപകമായി രാസലഹരി കലിതുള്ളി നിൽക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി. ഓപ്പറേഷൻ കുബേര വിജയിപ്പിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് രാസലഹരിയിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ദർശൻ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് എ.കെ ആന്റണി സമ്മാനിച്ചു. കേരളത്തിലെ കുടുംബങ്ങളെ രക്ഷിക്കാനുള്ള ഈ ‘തൂഫാൻ’ പോരാട്ടത്തിൽ രമേശ് ചെന്നിത്തലയുടെ പേര് സംസ്ഥാന ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നും ആന്റണി കൂട്ടിച്ചേർത്തു.
രാസലഹരിക്കെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണം: രമേശ് ചെന്നിത്തല
ഭയാനകമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുന്ന രാസലഹരി വിപത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി പ്രസംഗത്തിൽ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നതിനു പിന്നാലെ ദിവസങ്ങൾക്കുള്ളിൽ ആരംഭിച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പ്രതീക്ഷിച്ചതിനേക്കാൾ ഭീകരമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരുകാലത്ത് ലഹരി വ്യാപനത്തിൽ പഞ്ചാബിന് പിന്നിൽ കേരളമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ കേരളം രാസലഹരി വ്യാപനത്തിന്റെ മുൻനിരയിലെത്തിയെന്നത് അതീവ ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന രാസലഹരി വിപത്തിനെ ചെറുക്കാൻ സർക്കാർ സംവിധാനങ്ങളുടെ മാത്രം ഇടപെടൽ മതിയാകില്ല. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങി ജനസമൂഹമൊന്നാകെ ഈ പോരാട്ടത്തിൽ പങ്കാളികളാകണം. ഈ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഗാന്ധി ദർശൻ സമിതിയുടെ പുരസ്കാരം സ്വീകരിക്കുന്നതിൽ അഭിമാനിക്കുന്നു. കേരളത്തെ രാസലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിക്കാനുള്ള ഈ യജ്ഞം ഒരു ജനകീയ മുന്നേറ്റമായി മാറണം. സംസ്ഥാനത്തിന്റെ ഭാവി തലമുറയെ ലഹരിയുടെ കെണിയിൽനിന്ന് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിലെ ഓരോരുത്തരും ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കേരളം ആവിഷ്കരിച്ച ‘തൂഫാൻ’ ലഹരിവിരുദ്ധ പദ്ധതി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും പഠിക്കുകയും രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നു എന്നത് അഭിമാനകരമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി കബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ കെപിസിസി പ്രസിഡന്റ് എം.എം ഹസ്സൻ, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, എൻ. ശക്തൻ, ജെബി മേത്തർ എംപി, കമ്പറ നാരായണൻ, പി. ഹരിഗോവിന്ദൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, നദീറ സുരേഷ്, കെ. മോഹനൻ, വഞ്ചിയൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
---------------
Hindusthan Samachar / Sreejith S