Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 നവംബര്‍ (H.S.)
മുഖ്യമന്ത്രി വി ഡി സതീശന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് ഷൂട്ടിങ് താരം വിദർശ കെ വിനോദ്. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലിയിൽ പ്രവേശിക്കുന്ന വിദർശ മുഖ്യമന്ത്രിയിൽ നിന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങി. കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് സന്നിഹിതനായിരുന്നു.
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് കായിക വകുപ്പിൽ ജോലി നൽകുമെന്ന് മന്ത്രി ഒ ജെ ജനീഷ് പ്രഖ്യാപിച്ചിരുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഉത്തരവ് കൈമാറാനായിരുന്നു തീരുമാനമെങ്കിലും ടൂർണമെന്റിൽ പങ്കെടുക്കാനായി വിദർശ വിദേശത്ത് ആയിരുന്നു. ജപ്പാൻ ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വിദർശ ഇരട്ട വെള്ളി മെഡൽ നേടിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർറൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലുമായിരുന്നു ചരിത്ര നേട്ടം. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായ വിദർശ കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയാണ്.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സി കെ കാസിം എംഎൽഎ, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്, കായികവകുപ്പ് ഡയറക്ടർ അഖിൽ വി മേനോൻ, വിദർശയുടെ ഭർത്താവും ഷൂട്ടിംഗ് താരവുമായ മനു, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S