Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 നവംബര്‍ (H.S.)
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രമായ ജഡായുപ്പാറ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജഡായുപ്പാറയിലെ (ജഡായു എര്‍ത്ത് സെന്റര്‍) ജഡായുവിന്റെ പടുകൂറ്റന്‍ ശില്‍പ്പത്തിന്റെ അതേ രൂപത്തിലായിരുന്നു രാമായണം സിനിമയിലെ ജഡായു. ഇതോടെ ഇവിടേക്ക് സന്ദര്‍ശകര്‍ ഏറെയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ജഡായുപ്പാറ സന്ദര്‍ശിക്കാന്‍ എത്തുമെന്ന വാര്‍ത്ത ടൂറിസം രംഗത്ത് കൂടുതല്‍ പ്രതീക്ഷകളേകുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് പ്രധാനമന്ത്രി ജഡായുപ്പാറ സന്ദര്‍ശിക്കുമെന്ന വിവരം അറിയിച്ചത്. ഇതിന് മുന്നോടിയായി കേന്ദ്ര ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശിഖാവത്തും ജഡായുപ്പാറയിലെത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
അതേസമയം എപ്പോഴായിരിക്കും പ്രധാനമന്ത്രി കൊല്ലത്ത് എത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടന്‍ ഉണ്ടാകുമെന്ന് മാത്രമാണ് സുരേഷ് ഗോപി പറഞ്ഞത്. ശില്‍പ്പം നിര്‍മിച്ച രാജീവ് അഞ്ചലുമായി താന്‍ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹി ബിനാലെയില്‍ 'ജഡായു'വിന്റെ സാന്നിധ്യം വേണമെന്ന് രാജീവ് അഞ്ചല്‍ തന്നോട് പറഞ്ഞു. ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S