അങ്കണവാടി ജീവനക്കാർക്കും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്കും മൊബൈൽ ഫോൺ; ജീവനക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മന്ത്രി ബിന്ദു കൃഷ്ണ
Thiruvananthapuram, 20 നവംബര്‍ (H.S.) തിരുവനന്തപുരം: അങ്കണവാടി ജീവനക്കാർക്കും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്കും മൊബൈൽ ഫോൺ ലഭ്യമാക്കുമെന്ന വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഉറപ്പ് പാലിക്കാൻ നടപടി സ്വീകരിച്ച് സർക്കാർ. 35,291 സ്മാർട്ട്ഫോണുക
d


Thiruvananthapuram, 20 നവംബര്‍ (H.S.)

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാർക്കും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്കും മൊബൈൽ ഫോൺ ലഭ്യമാക്കുമെന്ന വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഉറപ്പ് പാലിക്കാൻ നടപടി സ്വീകരിച്ച് സർക്കാർ. 35,291 സ്മാർട്ട്ഫോണുകൾ വാങ്ങി വിതരണം ചെയ്യുന്നതിന് സർക്കാർ അനുമതി നൽകി. അങ്കണവാടി മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിലേക്കായി അങ്കണവാടി ജീവനക്കാരുടെയും, തൊഴിലാളി സംഘടനകളുടെയും പ്രതിനിധികളുമായി വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വനിതാ ശിശുവികസന വകുപ്പിന്റെ മിഷൻ സക്ഷം, അങ്കണവാടി ആൻഡ് പോഷൻ 2.0 പദ്ധതിയുടെ ഭാഗമായി 41.64 കോടി രൂപ ചെലവിലാണ് ഫോണുകൾ ലഭ്യമാക്കുന്നത്.

സംസ്ഥാനത്തെ 33,120 അങ്കണവാടി വർക്കർമാർക്കും 1,327 ഐ.സി.ഡി.എസ് ലേഡി സൂപ്പർവൈസർമാർക്കും 152 ബ്ലോക്ക് കോർഡിനേറ്റർമാർക്കുമാണ് ഫോണുകൾ ലഭിക്കുക. കൂടാതെ 692 ഫോണുകൾ ബഫർ സ്റ്റോക്കായും വാങ്ങും. ഒരു ഫോണിന് നികുതികൾ ഉൾപ്പെടെ 11,800 രൂപയാണ് അനുവദിച്ചിട്ടുള്ളത്.

പോഷൻ ട്രാക്കർ ആപ്ലിക്കേഷൻ വഴിയുള്ള വിവരശേഖരണം, കുട്ടികളുടെ വളർച്ചാ നിരീക്ഷണം, സേവനങ്ങളുടെ തത്സമയ നിരീക്ഷണം, ഡിജിറ്റൽ രേഖകൾ സൂക്ഷിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ സ്മാർട്ട്ഫോണുകൾ സഹായിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിലാണ് പദ്ധതിയുടെ ചെലവ് വഹിക്കുന്നത്. ഫോണുകൾ അടിയന്തരമായി വാങ്ങി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മൊബൈൽ ഫോണുകളുടെ അഭാവംമൂലം ഔദ്യോഗിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ അങ്കണവാടി ജീവനക്കാർ മന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. ജീവനക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് മന്ത്രി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുകയും നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ഫോണുകൾ വാങ്ങി വിതരണം ചെയ്യുന്നതിനുള്ള സർക്കാർ അനുമതി ലഭിച്ചത്.

കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News