സഹകരണനയം രൂപീകരിക്കാൻ ഡിസംബറിൽ ചർച്ച തുടങ്ങും: മന്ത്രി എം ലിജു
Kasargode, 20 നവംബര്‍ (H.S.) പുതിയ സഹകരണ നയം രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ ഡിസംബറിൽ ആരംഭിക്കുമെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. തട്ട
liju


Kasargode, 20 നവംബര്‍ (H.S.)

പുതിയ സഹകരണ നയം രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ ഡിസംബറിൽ ആരംഭിക്കുമെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. തട്ടിപ്പ് നടത്തി മണിമാളികയും ആഡംബര വാഹനങ്ങളും വാങ്ങുകയും പാവപ്പെട്ടവരുടെ ചില്ലിക്കാശ് തിരികെ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന ആളുകളെ ഉരുക്കുമുഷ്ടിയോടെ സർക്കാർ നേരിടുമെന്നും കാസർഗോട്ടെ കാഞ്ഞങ്ങാട് നടന്ന സഹകരണ വാരാഘോഷ സമാപന സമ്മേളനത്തിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

ഏകദേശം 450 മുതൽ 500 വരെ സഹകരണ സംഘങ്ങൾ നിക്ഷേപ പ്രതിസന്ധി നേരിടുന്നുണ്ട്. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിലുള്ള ദൗർബല്യങ്ങൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കേണ്ടതുണ്ട്. പ്രതിസന്ധിയിലായ സംഘങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകൾ മൂലമല്ല പ്രതിസന്ധി നേരിടുന്നത്. സുതാര്യതയില്ലായ്മ, ആന്തരിക ദൗർബല്യങ്ങൾ, കോവിഡ് കാലത്തെ പ്രതിസന്ധികൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടിവ്, വായ്പാ തിരിച്ചടവിലെ വീഴ്ചകൾ, രോഗങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയും സംഘങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാർഷിക കടാശ്വാസവുമായി ബന്ധപ്പെട്ട കുടിശ്ശിക ലഭിക്കാത്തതും ചില സംഘങ്ങളെ ബാധിച്ചിട്ടുണ്ട്. ഇത്തരം കാരണങ്ങളാൽ പ്രതിസന്ധിയിലായ സംഘങ്ങളെ തിരിച്ചറിഞ്ഞ് സഹായിക്കുന്നതിന് സർക്കാർ പദ്ധതി ആവിഷ്കരിക്കും. 2017-ൽ സഹകരണ നയം നിലവിൽ വന്നതിനുശേഷം മറ്റൊരു നയം രൂപീകരിച്ചിട്ടില്ല. പുതിയ സഹകരണ നയം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ഡിസംബറിൽ ആരംഭിക്കും.

അതേസമയം, സാമ്പത്തിക ക്രമക്കേടുകളും ഭരണസമിതികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും മൂലം പ്രതിസന്ധിയിലായ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സഹകരണ മേഖലയിലെ വ്യവസ്ഥാപരമായ ദൗർബല്യങ്ങൾ പരിഹരിച്ച് ഭദ്രതയും സുതാര്യതയും ഉറപ്പാക്കും. സംസ്ഥാനത്തെ മുഴുവൻ സഹകരണ സ്ഥാപനങ്ങളെയും ഏകീകൃത സോഫ്റ്റ്‌വെയറിന് കീഴിൽ കൊണ്ടുവരും. നിലവിലുള്ള കമ്പ്യൂട്ടർവത്കരണ സംവിധാനം ഏകീകൃത സംവിധാനത്തിലേക്ക് മാറ്റി ഓരോ നിക്ഷേപവും പിൻവലിക്കലും ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ കൃത്യമായി രേഖപ്പെടുത്തുന്ന സംവിധാനം നടപ്പാക്കും. ഇതിലൂടെ ഓഡിറ്റ് കാര്യക്ഷമമാക്കാനും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കാനും സാധിക്കും. സഹകരണ മേഖലയെ ആധുനികവത്കരിക്കുന്നതിനുള്ള ഈ പദ്ധതി സർക്കാർ നടപ്പാക്കും.

സഹകരണ മേഖലയിലെ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ‘വിശ്വാസ്’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രത്യേക ദൗത്യസംഘത്തിന്റെ രൂപീകരണം അന്തിമഘട്ടത്തിലാണ്. ആഭ്യന്തര, നിയമ, സഹകരണ, റവന്യൂ വകുപ്പുകളുടെ ഏകോപനത്തോടെ തട്ടിപ്പ് നടത്തിയവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് നടപടികൾ ശക്തമാക്കും. അവരിൽ നിന്ന് പണം തിരികെ വാങ്ങാനുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. സംഘങ്ങളിൽനിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ സമ്പാദിച്ച ബിനാമി സ്വത്തുക്കൾ കണ്ടെത്തി നിയമാനുസൃതമായി പിടിച്ചെടുക്കുന്നതിനും നടപടി സ്വീകരിക്കും. ഇത്തരം തട്ടിപ്പുകൾ നടത്തിയവരെ ബഡ്സ് നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. വർഷങ്ങളായി പൂർത്തിയാകാതെ കിടക്കുന്ന 65 എൻക്വയറി പൂർത്തിയാക്കാൻ സഹകരണ വകുപ്പ് സെക്രട്ടറിക്കും സഹകരണ രജിസ്ട്രാർക്കും നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് വായ്പാ കുടിശ്ശിക നിവാരണം അനിവാര്യമാണ്. തിരിച്ചുപിടിക്കാൻ കഴിയാത്തതും രോഗം ഉൾപ്പെടെയുള്ള കാരണങ്ങളാൽ തിരിച്ചടവ് അസാധ്യമായതുമായ വായ്പകൾ തീർപ്പാക്കി സംഘങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ 'ആശ്വാസ്' പദ്ധതി പ്രഖ്യാപിച്ചത്. നാലുമാസത്തെ പ്രവർത്തനത്തിലൂടെ ഏകദേശം 70,000 വായ്പാ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാൻ സാധിച്ചു. സർക്കാർ അധികാരത്തിലെത്തിയതിനുശേഷം റിസ്ക് ഫണ്ട് പദ്ധതിയിൽ 3,400-ലധികം അപേക്ഷകൾക്ക് തീർപ്പുകൽപ്പിക്കുകയും 37 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. കിട്ടാക്കടങ്ങൾ വർധിപ്പിക്കുന്നതിന് പകരം മികച്ച വായ്പകൾ നൽകുന്നതിനാണ് സഹകരണ സംഘങ്ങൾ മുൻഗണന നൽകേണ്ടത്. വായ്പ ആവശ്യമുള്ളവരെ കണ്ടെത്തി അവരിലേക്ക് എത്തുകയും വ്യാപാരികൾക്കും വ്യവസായികൾക്കും ദുർബല ജനവിഭാഗങ്ങൾക്കും ഉൾപ്പെടെ ഗുണമേന്മയുള്ള വായ്പകൾ ലഭ്യമാക്കുകയും വേണം. നിക്ഷേപകർക്ക് പണം സുരക്ഷിതമായി തിരിച്ചുലഭിക്കുന്ന തരത്തിലുള്ള മികച്ച അടിസ്ഥാനസൗകര്യ, വിദ്യാഭ്യാസ പദ്ധതികൾ സഹകരണ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News