360 വൺ അസറ്റിൽ നിന്ന് 2790 കോടി സമാഹരിച്ച് അദാനി
Thiruvananthapuram , 24 നവംബര് (H.S.) അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് (AAHL), 360 വൺ അസറ്റിൽ നിന്ന് 300 ദശലക്ഷം ഡോളർ (ഏകദേശം 2,790 കോടി രൂപ) സമാഹരിക്കാൻ ധാരണയിലെത്തി. ഇതോടെ കമ്പനിയുടെ പ്രാഥമിക ഓഹരി നിക്ഷേപം 1.35 ബില്യൺ ഡോളറായി ഉയരും. ഇന്ത്യയി
Adani


Thiruvananthapuram , 24 നവംബര് (H.S.)

അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് (AAHL), 360 വൺ അസറ്റിൽ നിന്ന് 300 ദശലക്ഷം ഡോളർ (ഏകദേശം 2,790 കോടി രൂപ) സമാഹരിക്കാൻ ധാരണയിലെത്തി. ഇതോടെ കമ്പനിയുടെ പ്രാഥമിക ഓഹരി നിക്ഷേപം 1.35 ബില്യൺ ഡോളറായി ഉയരും. ഇന്ത്യയിലെ അതിവേഗം വളരുന്ന വ്യോമയാന വിപണിയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനും തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനുമുള്ള പദ്ധതികൾക്ക് ഈ നിക്ഷേപം കരുത്തേകും.

ആൽഫ വേവ് ഗ്ലോബൽ, പ്രേംജി ഇൻവെസ്റ്റ്, ടെമാസെക്, ബ്ലാക്ക്റോക്ക് നിയന്ത്രിക്കുന്ന ഫണ്ടുകൾ എന്നിവ ഉൾപ്പെട്ട നിക്ഷേപക കൺസോർഷ്യത്തിൽ നിന്ന് നേരത്തെ ലഭിച്ച 1 ബില്യൺ ഡോളറിന്റെ ഓഹരി നിക്ഷേപത്തിനു പിന്നാലെയാണ് പുതിയ നിക്ഷേപം. ഇരു ഘട്ടങ്ങളിലെയും നിക്ഷേപം പരിഗണിക്കുമ്പോൾ, അദാനി എയർപോർട്ട്സിന്റെ മൂല്യം ഏകദേശം 18 ബില്യൺ ഡോളറാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയിലെ വിമാനത്താവള അടിസ്ഥാനസൗകര്യ മേഖലയിൽ വൻതോതിലുള്ള നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് ഈ നീക്കം.

യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന, നിലവിലുള്ള ശേഷിയുടെ പരിമിതികൾ, വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ വികസനത്തിനുള്ള വർധിച്ചുവരുന്ന ആവശ്യം എന്നിവയാണ് ഈ മേഖലയിലെ നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നത്.

നിലവിൽ പ്രതിവർഷം ഏകദേശം 96 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന അദാനി എയർപോർട്ടിന്റെ ശേഷി 200 ദശലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം.

മുംബൈ, നവി മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂർ, ഗുവാഹത്തി, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലായി എട്ട് വിമാനത്താവളങ്ങളാണ് കമ്പനി നടത്തുന്നത്. ഇന്ത്യയിലെ മൊത്തം വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഏകദേശം 23 ശതമാനം അദാനി എയർപോർട്സ് വിമാനത്താവള ശൃംഖലയിലൂടെയാണ് കൈകാര്യം ചെയ്യുന്നത്.

സർക്കാർ കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണം ഏകദേശം 420 ദശലക്ഷമായിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങളുടെ ആകെ വാർഷിക യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി 580 ദശലക്ഷത്തിലധികമാണ്.

വിമാനയാത്രയ്ക്കുള്ള ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ ടെർമിനൽ അടിസ്ഥാനസൗകര്യങ്ങൾ, പ്രവർത്തനക്ഷമത, അനുബന്ധ സൗകര്യങ്ങൾ എന്നിവയിൽ തുടർച്ചയായ നിക്ഷേപം അനിവാര്യമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

സമാഹരിക്കുന്ന മൂലധനം പ്രധാനമായും മൂന്ന് മേഖലകളിലായിരിക്കും വിനിയോഗിക്കുകയെന്ന് അദാനി എയർപോർട്സ് അറിയിച്ചു. നിലവിലുള്ള വിമാനത്താവള ശൃംഖലയുടെ ആധുനികവൽക്കരണവും നവീകരണവും, സംയോജിത എയർപോർട്ട് സിറ്റികളുടെ വികസനം, യാത്രക്കാർക്ക് നേരിട്ട് പ്രയോജനപ്പെടുന്ന സേവനങ്ങളും വ്യോമയാനേതര വാണിജ്യ പ്രവർത്തനങ്ങളും വിപുലീകരിക്കൽ എന്നിവയാണവ.

പരമ്പരാഗത യാത്രാ കേന്ദ്രങ്ങൾ എന്ന നിലയിൽ നിന്ന് വാണിജ്യ-നഗര വികസനത്തിന്റെ കേന്ദ്രങ്ങളായി വിമാനത്താവളങ്ങളെ മാറ്റിയെടുക്കുന്നതാണ് എയർപോർട്ട് സിറ്റി പദ്ധതിയുടെ ലക്ഷ്യം.

വ്യോമയാന അടിസ്ഥാനസൗകര്യങ്ങളോടൊപ്പം റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, വിനോദം, ബിസിനസ് സൗകര്യങ്ങൾ, പ്രാദേശിക ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളെയും ഇതിൽ ഉൾപ്പെടുത്തും.

യാത്രക്കാരിൽ നിന്നുള്ള നിരക്കുകൾക്കും വ്യോമയാനവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾക്കും പുറമെ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വ്യോമയാനേതര പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വർധിപ്പിക്കാനും ഈ മാതൃക സഹായിക്കും. വിമാനത്താവളങ്ങൾക്ക് അധിക വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനൊപ്പം അവയ്ക്ക് ചുറ്റുമുള്ള വാണിജ്യ-സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇത് പ്രോത്സാഹനമാകും.

യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുന്നതിനൊപ്പം, വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട വിപുലമായ അടിസ്ഥാനസൗകര്യ-വാണിജ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും പുതിയ നിക്ഷേപം സഹായിക്കുമെന്നാണ് പ്രതീക്ഷ.

വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർ, ബിസിനസ് സ്ഥാപനങ്ങൾ, ലോജിസ്റ്റിക്സ് മേഖല എന്നിവയിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും കമ്പനിക്ക് ഇതിലൂടെ സാധിക്കും.

നിക്ഷേപത്തെക്കുറിച്ച് അദാനി എയർപോർട്സ് നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജീത് അദാനി പറഞ്ഞു:

“അദാനി എയർപോർട്സ് പ്ലാറ്റ്ഫോമിന്റെ വികസനത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ പങ്കാളിത്തം. ദീർഘകാല നിക്ഷേപത്തിന് താൽപര്യമുള്ള പ്രമുഖ നിക്ഷേപകർ ഈ സംരംഭത്തിന്റെ ഭാഗമാകുന്നത് ഇന്ത്യയുടെ വ്യോമയാന വളർച്ചാ സാധ്യതകളിലുള്ള അവരുടെ ശക്തമായ വിശ്വാസത്തിന്റെ തെളിവാണ്.

പരമ്പരാഗത യാത്രാ കേന്ദ്രങ്ങൾ എന്നതിൽ നിന്ന് വ്യോമയാനം, വാണിജ്യം, വിനോദം, പ്രാദേശിക ലോജിസ്റ്റിക്സ് എന്നിവയെ സംയോജിപ്പിക്കുന്ന സജീവമായ എയർപോർട്ട് സിറ്റികളായി വിമാനത്താവളങ്ങളെ വികസിപ്പിച്ച് അവയ്ക്ക് ചുറ്റും സമ്പൂർണ ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സുസ്ഥിര വളർച്ചയ്ക്ക് ഇത് കരുത്തേകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News