Enter your Email Address to subscribe to our newsletters

Kochi , 24 നവംബര്‍ (H.S.)
ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും ചെയർമാനുമായ ആർ. പ്രേംകുമാറിൻ്റെ മുൻകൂർ ജാമ്യഹർജി കേരള ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന സംസ്ഥാന സർക്കാരിൻ്റെയും പ്രോസിക്യൂഷൻ്റെയും ശക്തമായ വാദം കണക്കിലെടുത്താണ് കോടതി നടപടി.
300 കോടിയുടെ തട്ടിപ്പാണ് പ്രേംകുമാറും കുടുംബാംഗങ്ങളും നടത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സാധാരണക്കാരുടെ പണം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പൊന്നും നിലവിൽ നാല് കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതായും സർക്കാർ വ്യക്തമാക്കിയിരുന്നു.
ക്രൈംബ്രാഞ്ചും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ബാങ്ക് രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്ത് വിശദമായ അന്വേഷണം നടത്തിയതിനാൽ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് വാദിച്ചാണ് പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. നിക്ഷേപകരുടെ പണം വകമാറ്റി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 80 കോടിയുടെ ഓഹരികൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾ സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു .
ഭാര്യ, മകന്, മരുമകന് എന്നിവരടക്കം ഡയറകറക്ടര്മാരായി 17 കമ്പനികളുണ്ടാക്കിയാണു സഹകരണ സംഘമായ ബി.എല്‍.എമ്മിൻ്റെ പണം വകമാറ്റിയതെന്നാണു ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ ബഡ്സ് ആക്ട് കൂടി ചുമത്താന്‍ കോഴിക്കോട് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്.
പ്രേം കുമാര്‍, ഭാര്യ,മകന് ,മ രുമകന്, ബി.എല്‍.എം. പ്രസിഡൻ്റ്, സി.ഇ.ഒ.അടക്കം 11 പേരാണു കേസിലെ പ്രതിപട്ടികയിലുള്ളത്.
പ്രേംകുമാറിൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. അറസ്റ്റിന് മുൻപ് നോട്ടീസ് നൽകിയിരുന്നില്ലെന്നും അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളെയോ അഭിഭാഷകനെയോ രേഖാമൂലം അറിയിച്ചിരുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
അറസ്റ്റ് മെമ്മോ കൈപ്പറ്റാൻ പ്രേംകുമാർ തയ്യാറായില്ലെന്നും തുടർന്ന് മകൻ്റെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് അറസ്റ്റ് മെമ്മോ അയച്ചുനൽകിയെന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ വിശദീകരണം. എന്നാൽ, ഇത് തെളിയിക്കുന്ന സ്ക്രീൻഷോട്ട് റിമാൻഡ് റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിരുന്നില്ല.
ഇതോടെയാണ് അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി കോടതി പ്രേംകുമാറിനെ വിട്ടയച്ചത്.
ഇതിനിടെ പ്രേംകുമാറിനെതിരെ കോതമംഗലത്ത് മറ്റൊരു നിക്ഷേപത്തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തു. ഇടുക്കി അണക്കര സ്വദേശിയിൽനിന്ന് 1.60 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചശേഷം വാഗ്ദാനം ചെയ്ത കമ്മീഷനും പലിശയും നൽകിയില്ലെന്ന പരാതിയിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR