Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 നവംബര്‍ (H.S.)
യു.ഡി.എഫിലെ ഭിന്നതകള്‍ കൂടുതല്‍ പുറത്ത് വരുന്ന നിലയിലാണ് ഘടക കക്ഷികളുടെ പ്രതികരണങ്ങള്‍ ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനും, മന്ത്രി ഷിബു ബേബിജോണും നടത്തിയ പ്രതികരണങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. യു.ഡി.എഫ് കണ്‍വീനറും, കോണ്‍ഗ്രസ് നേതൃത്വവുമാണ് നിലപാടുകള്‍ വ്യക്തമാകേണ്ടത്. അഭിപ്രായങ്ങള്‍ പറയാനുള്ള രാഷ്‌ട്രീയ വേദി യു.ഡി.എഫ് ആണെന്ന് ആര്‍.എസ്.പി നേതാവ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു, ലീഗിന്റെ നിലപാടും കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ പ്രതികരണമാണ്. ഇത്തരം നിലപാടുകള്‍ തുടര്‍ച്ചയായി യു.ഡി.എഫ് ഘടക കക്ഷികളില്‍ നിന്നുണ്ടായിട്ടും ഭരണവും യു.ഡി.എഫും ശക്തമാണെന്ന് അഭിപ്രായം പറയുന്നവര്‍ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണ്. ടീം യു.ഡി.എഫ് അല്ല ഏറ്റുമുട്ടുന്ന യു.ഡി.എഫ് ആണ് കേരളം ഭരിക്കുന്നത്.
കേരളത്തില്‍ ശക്തിപ്പെട്ട് വരുന്ന സമരാന്തരീക്ഷം കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? യു.ഡി.എഫ് നിലപാടാണ് ഇത്തരം സാഹചര്യം തുടര്‍ച്ചയായി സൃഷ്ടിക്കുന്നത്. എല്‍.പി.എസ്.ടി സമരത്തിന്റെ നേതാവായ വളര്‍മതി ഹൃദയം പൊട്ടി പരസ്യമായി പറഞ്ഞത്. തമ്പ്രാനെന്ന് വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ് യു.ഡി.എഫ് നേതൃത്വത്തിനുള്ളത്. തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല
ബോര്‍ഡുകളുടെയും, കോര്‍പ്പറേഷനുകളുടെയും ചുമതലകള്‍ നിര്‍ണ്ണയിക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും യു.ഡി.എഫിന് കഴിയുന്നില്ല. മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് സ്ഥാനമാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിലേക്കാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചുമട്ട് തൊഴിലാളി ക്ഷേമനിധി പോലുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് ജോലിയും, കൂലിയും നേരിട്ട് നല്‍കുന്നതാണ്. നിരവധി സ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകളും, ഭാവി സംരക്ഷണ നടപടികളും നിര്‍ണ്ണയിക്കാന്‍ കഴിയുന്നില്ല. ഇത് അസംഘടിത പരമ്പരാഗത മേഖലയിലെ തൊഴിലാളികളോട് സ്വീകരിക്കുന്ന കടുത്ത അനീതിയാണ് എല്ലാ വിഭാഗങ്ങളുടെയും ശക്തമായ പ്രതിഷേധം ഈ പ്രശ്‌നങ്ങളില്‍ ഉയര്‍ന്നു വരണം.
സത്യപ്രതിജ്ഞാ ലംഘനവും, കടുത്ത പ്രതികാര മനോഭാവവുമാണ് മുഖ്യമന്ത്രി തുടരുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ പലതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണ്. എണ്ണിയെണ്ണി പകരം ചോദിച്ച് പ്രതികാരം ചെയ്യുമെന്നാണ് മുഖ്യമന്ത്രി കണ്ണൂരില്‍ പ്രസംഗിച്ചത്. എല്ലാ ജനവിഭാഗങ്ങളോടും നീതി പുലര്‍ത്തേണ്ട ഭരണാധികാരികള്‍ പ്രതികാര മനോഭാവം നിലനിര്‍ത്തുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരുമെന്ന് ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S