Enter your Email Address to subscribe to our newsletters

Kozhikode , 24 നവംബര് (H.S.)
കോഴിക്കോട് മാവൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ
പൊട്ടിയതും പുഴുവരിച്ചതുമായ കോഴിമുട്ടകൾ പിടിച്ചെടുത്തു. രണ്ട് കടമുറികളിലായി സൂക്ഷിച്ചിരുന്ന പതിനാറായിരം കോഴിമുട്ടകളാണ് പിടിച്ചെടുത്തത്. മാവൂർ ഫയർ സ്റ്റേഷന് സമീപത്തെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പുനത്തിൽ ട്രേഡേഴ്സ്, പിയു എഗ്ഗ് ട്രേഡേഴ്സ് എന്നീ ഹോൾസെയിൽ വിതരണ കേന്ദ്രങ്ങളിലെ ശീതീകരിച്ച മുറിയിൽ നിന്നാണ് ഏകദേശം 16,000 കോഴിമുട്ടകൾ കണ്ടെത്തിയത്.
കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റൻ്റ് കമ്മിഷണർ ഡോ. ജോസഫ് കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയായിരുന്നു പരിശോധന.
പൊട്ടിയൊലിച്ച് പുഴുവരിച്ച നിലയിലായിരുന്നു മുട്ടകൾ സൂക്ഷിച്ചിരുന്നത്. വ്യാപകമായ പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മുതൽ ഭക്ഷ്യസുരക്ഷാ വിഭാഗം മാവൂരിൽ നിരീക്ഷണം ആരംഭിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഇന്ന് അതിരാവിലെ കോഴിമുട്ട വിതരണത്തിനായി ആളുകൾ എത്തുന്നതിന് മുൻപേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.
ബേക്കറികളിലേക്ക് വിതരണം ചെയ്യാനെന്ന് നിഗമനം
പൊട്ടിയ കോഴിമുട്ടകൾ ശീതീകരിച്ച മുറിയിൽ സൂക്ഷിച്ചത് ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന കടകളിലേക്ക് വിതരണം ചെയ്യാനാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.
ബേക്കറികളിൽ ഉൾപ്പെടെ ഇത്തരം കേടായ മുട്ടകൾ ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന് പുറമെ നിരവധി പരാതികളും അധികൃതർക്ക് ലഭിച്ചിരുന്നു. മുൻപ് ഒരു ബേക്കറിയിൽ നടത്തിയ പരിശോധനയിൽ പൊട്ടിയ നിലയിൽ ധാരാളം കോഴിമുട്ടകൾ കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഉറവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാവൂരിൽ നിന്നാണ് ഇവ എത്തിക്കുന്നതെന്ന് വ്യക്തമായത്. ഇതാണ് ഇന്ന് രാവിലെ തന്നെ മിന്നൽ പരിശോധനയുമായി മുന്നിട്ടിറങ്ങാൻ കാരണമായത്.
പിടിച്ചെടുത്ത പൊട്ടിയ കോഴിമുട്ടകൾ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഉടൻ നശിപ്പിക്കുമെന്ന് അസിസ്റ്റൻ്റ് കമ്മിഷണർ അറിയിച്ചു. ഉപയോഗശൂന്യമായ മുട്ടകൾ സൂക്ഷിച്ച വിതരണക്കാർക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊട്ടിയതും കേടായതുമായ മുട്ടകളിൽ ബാക്ടീരിയകൾ വേഗത്തിൽ പ്രവേശിക്കാനും ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന കോഴിമുട്ടകൾ ജീവനക്കാരെ വച്ച് തരംതിരിച്ച് കേടുള്ളവ മാറ്റിവച്ച് പിന്നീട് തിരിച്ചയക്കുകയാണ് ചെയ്യുന്നതെന്ന് കടയുടമ റഫീക്ക് പറഞ്ഞു. കേടായ കോഴിമുട്ടകളിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വരുന്നതിനാലാണ് അവ ശീതീകരിച്ച മുറിയിൽ വച്ചതെന്നുമാണ് കട ഉടമയുടെ വാദം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR