എല്ലാ പണിയും ഒപ്പിച്ചുവച്ചത് ചെന്നിത്തലയെന്ന് രാജ്മോഹന് ഉണ്ണിത്താന്റെ മകന്; കോണ്ഗ്രസില് പോര് മുറുകുന്നു
Thiruvanathapuram, 24 നവംബര്‍ (H.S.) സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ചേരിപ്പോര് മറ്റൊരു തലത്തിലേക്ക്. നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നതിന് പിന്നാലെ കടുത്ത പരാമര്‍ശങ്ങളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ മകന്‍ അമല
amal


Thiruvanathapuram, 24 നവംബര്‍ (H.S.)

സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ചേരിപ്പോര് മറ്റൊരു തലത്തിലേക്ക്. നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നതിന് പിന്നാലെ കടുത്ത പരാമര്‍ശങ്ങളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ മകന്‍ അമല്‍ ഉണ്ണിത്താനും രംഗത്ത്. രാജ് മോഹന്‍ ഉണ്ണിത്താനെതിരെ സൈബര്‍ ആക്രമണം കടുക്കവെയാണ് മകന്റെ രംഗപ്രവേശം.

കേരളത്തിലെ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ആഭ്യന്തര തര്‍ക്കങ്ങള്‍ കാണുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് അമല്‍ ഉണ്ണിത്താന്‍ രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തില്‍ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തലയെന്നാണ് അമലിന്റെ ചോദ്യം.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികള്‍ കേരളം മറന്നിട്ടില്ല. ഇപ്പോള്‍ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായിരിക്കെ വീണ്ടും പഴയ രാഷ്ട്രീയ തിരക്കഥ ആവര്‍ത്തിക്കുകയാണോ. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി, ജനവികാരത്തിന്റെ പേരില്‍ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നതെന്നും അമല്‍ ചോദിച്ചു. തന്റെ സംശയങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നല്‍കണമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഭരണമാണോ, അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള മ്യൂസിക്കല്‍ ചെയര്‍ മത്സരമാണോയെന്നും അമല്‍ ചോദിക്കുന്നു.

നിലവില്‍ കെസി വേണുഗോപാല്‍ പക്ഷവും എ ഗ്രൂപ്പും മുഖ്യമന്ത്രിക്കെതിരെ രംഗത്തുണ്ട്. എന്നാല്‍ രമേശ് ചെന്നിത്തല ഈ വിവാദങ്ങളില്‍ മൗനത്തിലാണ്. എന്നാല്‍ എല്ലാ പണിയും ഒപ്പിച്ചത് ചെന്നിത്തലയാണ് എന്നാണ് മുഖ്യമന്ത്രിയുമായി ഏറെ ചേര്‍്ന്ന് നില്‍ക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്റെ ആരോപണം.

അമല്‍ ഉണ്ണിത്താന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഭരണമാണോ, അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള മ്യൂസിക്കല്‍ ചെയര്‍ മത്സരമാണോ? കേരളത്തിലെ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ആഭ്യന്തര തര്‍ക്കങ്ങള്‍ കാണുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല.

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തില്‍ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തല? ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികള്‍ കേരളം മറന്നിട്ടില്ല. ഇപ്പോള്‍ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായിരിക്കെ വീണ്ടും പഴയ രാഷ്ട്രീയ തിരക്കഥ ആവര്‍ത്തിക്കുകയാണോ? വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി, ജനവികാരത്തിന്റെ പേരില്‍ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നത്? ഈ സംശയങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നല്‍കണം. ജനങ്ങള്‍ വോട്ട് ചെയ്തത് അഞ്ചുവര്‍ഷം ഭരിക്കാനാണ്; അഞ്ചുവര്‍ഷം മുഴുവന്‍ മുഖ്യമന്ത്രി ആരാകണമെന്ന് ചര്‍ച്ച ചെയ്യാനല്ല!

പിണറായി വിജയന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് സിപിഎം പുലര്‍ത്തിയ സംഘടനാപരമായ അച്ചടക്കത്തെ ഞാന്‍ ബഹുമാനിക്കുന്നു. ലീഗിന്റെ സംഘടനാപരമായ കെട്ടുറപ്പിനെയും അഭിനന്ദിക്കുന്നു. രാഷ്ട്രീയമായി വിയോജിപ്പുകള്‍ ഉണ്ടാകാം. എന്നാല്‍ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് അവരില്‍നിന്നും പലതും പഠിക്കാനുണ്ടെന്നാണ് എന്റെ അഭിപ്രായം. ഇനി പാവപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവസ്ഥ നോക്കൂ! നേതാക്കളുടെ അധികാരത്തര്‍ക്കങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ചാനല്‍ ചര്‍ച്ചകളിലും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും രാവും പകലും പോരാട്ടം നടത്തുകയാണ് പ്രവര്‍ത്തകര്‍. കസേര നേതാക്കള്‍ക്ക്, തമ്മിലടി പ്രവര്‍ത്തകര്‍ക്ക്! എന്തൊരു മനോഹരമായ തൊഴില്‍വിഭജനം!

ഇനി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനകളെക്കുറിച്ച് പറയാം. അദ്ദേഹം അഭിപ്രായം പറഞ്ഞാല്‍ ഉടനെ ചിലരുടെ വക ബിജെപി സര്‍ട്ടിഫിക്കറ്റ്! എന്താ, കോണ്‍ഗ്രസില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും ഇപ്പോള്‍ ഗ്രൂപ്പ് നേതാക്കളുടെ എന്‍ഒസി വേണമെന്നുണ്ടോ? രാജ്‌മോഹന്‍ ഉണ്ണിത്താന് ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്നവരോട് ചോദിക്കട്ടെ: എന്താണ് നിങ്ങളുടെ തെളിവ്? ഉണ്ടെങ്കില്‍ പുറത്തുവിടൂ. അദ്ദേഹത്തിന്റെ പ്രസ്താവനകളെ രാഷ്ട്രീയമായി നേരിടൂ. അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ബിജെപി മുദ്ര, ചോദ്യം ചോദിച്ചാല്‍ പാര്‍ട്ടിവിരുദ്ധന്‍, വിമര്‍ശിച്ചാല്‍ അച്ചടക്കലംഘനം, ഇതാണോ കോണ്‍ഗ്രസിലെ ആഭ്യന്തര ജനാധിപത്യം?

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാണിക്കുന്നതിനേക്കാള്‍ ആവേശം അധികാരക്കസേരയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കാണിക്കുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രി കസേര ഒന്നേയുള്ളൂ. എന്നാല്‍ കേരളത്തില്‍ പരിഹരിക്കപ്പെടേണ്ട ജനകീയ പ്രശ്‌നങ്ങള്‍ ആയിരക്കണക്കിനുണ്ട്. രാഷ്ട്രീയ നേതൃത്വത്തോട് അവസാനമായി ഒരു ചോദ്യം: ജനങ്ങള്‍ക്ക് വേണ്ടി അധികാരം ഉപയോഗിക്കാനാണോ നിങ്ങള്‍ രാഷ്ട്രീയത്തില്‍ വന്നത്, അതോ അധികാരത്തിനുവേണ്ടി ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപയോഗിക്കാനാണോ? വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് തെളിവുകളും വസ്തുതകളും കൊണ്ടാണ്; ബിജെപി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ടല്ല!

---------------

Hindusthan Samachar / Sreejith S


Latest News