Enter your Email Address to subscribe to our newsletters

Kochi , 26 നവംബര് (H.S.)
ചേരാനല്ലൂർ – ഏലൂർ ചൗക്ക പാലത്തിന് 36.22 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി.
മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെയും ടി.ജെ. വിനോദ് എം.എൽ.എയുടെയും സമയോചിത ഇടപെടൽ നിർണായകമായി.
എറണാകുളം ജില്ലയിലെ മുട്ടാർ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന ചേരാനല്ലൂർ – ഏലൂർ ചൗക്ക പാലത്തിന് 36.22 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറും ടി.ജെ. വിനോദ് എം.എൽ.എയും നടത്തിയ ഇടപെടലുകൾ നിർണായകമായി.
പുതുക്കിയ അലൈൻമെന്റ് പ്രകാരം കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ അധിക തുക സർക്കാരിനോട് ആവശ്യപ്പെടേണ്ട സാഹചര്യം ചർച്ച ചെയ്യാൻ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്നു. ഭരണാനുമതി ലഭിച്ചതിനു ശേഷം അധിക ഭൂമി ഏറ്റെടുക്കുന്നതിന് കൂടുതൽ തുക ആവശ്യമെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേരത്തെ ആവശ്യപ്പെട്ട 36.22 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചത്.
2016-ൽ 11.70 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതിക്ക് തുടക്കമായത്. ഭൂമി ഏറ്റെടുക്കുന്നതിനായി പിന്നീട് 5 കോടി രൂപയുടെ പ്രത്യേക അനുമതിയും നൽകി. 2018-ലെ പ്രളയത്തെ തുടർന്നുള്ള ഡിസൈൻ മാറ്റങ്ങൾ, ബാർജ് ഗതാഗതത്തിനായി ഫെൻഡർ പൈലുകൾ ഉൾപ്പെടുത്തിയത്, അലൈൻമെന്റ് മാറ്റം, അധിക ഭൂമി ഏറ്റെടുക്കൽ, നിർമാണച്ചെലവിലെ വർധനവ് എന്നിവയെ തുടർന്ന് പദ്ധതിച്ചെലവ് ഉയർന്നു. 2025-ൽ 27.70 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകിയിരുന്നു.
ഡി.എസ്.ഒ.ആർ 2021 നിരക്ക്, 44.45 ശതമാനം കോസ്റ്റ് ഇൻഡക്സ് വർധനവ്, 18 ശതമാനം ജി.എസ്.ടി. എന്നിവ ഉൾപ്പെടുത്തിയ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഇപ്പോൾ 36.22 കോടി രൂപയുടെ അനുമതി നൽകിയിരിക്കുന്നത്.
പാലം യാഥാർഥ്യമാക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR