ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട് ഇനി പ്രതികരിക്കാനില്ല; പാര്ട്ടിക്ക് വഴങ്ങി രാജ്മോഹന് ഉണ്ണിത്താന്
Kasargode, 26 നവംബര്‍ (H.S.) പരസ്യ പ്രതികരണം പാടില്ലെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം പാലിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഷാഫി പറമ്പിലുമായുള്ള പോരില്‍ കൂടുതല്‍ പ്രതികരിക്കാതെ ഉണ്ണിത്താന്‍ ഒഴിഞ്ഞുമാറി. വിവാദങ്ങള്‍ ഒന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല എന്
MP RAJMOHAN UNNITHAN


Kasargode, 26 നവംബര്‍ (H.S.)

പരസ്യ പ്രതികരണം പാടില്ലെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം പാലിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഷാഫി പറമ്പിലുമായുള്ള പോരില്‍ കൂടുതല്‍ പ്രതികരിക്കാതെ ഉണ്ണിത്താന്‍ ഒഴിഞ്ഞുമാറി. വിവാദങ്ങള്‍ ഒന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല എന്നായിരുന്നു ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി. പരിപാടികളുമായി തിരക്കിലാണെന്നും എല്ലാം പിന്നീട് പറയാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിന് പിന്നാലെ കാസര്‍കോട് തൃക്കരിപ്പൂരില്‍ ഷാഫി പറമ്പില്‍ അനുകൂല ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ''കുരയ്ക്കുന്നവരുടെ ശബ്ദം അല്ല നടന്നു തീര്‍ത്ത വഴികളാണ് ഒരാളുടെ വില നിശ്ചയിക്കുന്നത്. കാലം തെളിയിച്ച പോരാട്ട വീര്യത്തെ തകര്‍ക്കാനാവില്ല. എറിഞ്ഞ കല്ലുകള്‍ എണ്ണിയിരിക്കാന്‍ അല്ല മുന്നോട്ടു യാത്ര തുടരാനാണ് അയാള്‍ പഠിച്ചത് എന്നും ബോര്‍ഡില്‍ ഉണ്ട്.'' എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെല്ലിക്ക കൊറിയര്‍ വഴി അയച്ചുകൊടുത്ത് ചര്‍ച്ചയായി. പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എംപിക്ക് നെല്ലിക്ക പാഴ്സല്‍ ചെയ്തു നല്‍കിയത്. ഷാഫി പറമ്പിലിനെ കുറിച്ച് പരസ്യമായ വിവാദപ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. എം.പിക്ക് നെല്ലിക്കാത്തളം വെക്കാനാണെന്ന് പറഞ്ഞ് പാലക്കാട്ടുനിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു പെട്ടി നെല്ലിക്ക അദ്ദേഹത്തിന്റെ പേരില്‍ പാഴ്സല്‍ അയച്ചത്. എന്നാല്‍ ഇക്കാര്യത്തിലും ഉണ്ണിത്താന്‍ പ്രതികരിച്ചില്ല.

ഷാഫി പറമ്പില്‍ എ ഗ്രൂപ്പുക്കാരനല്ലെന്നും അങ്ങനെയാണെങ്കില്‍ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നുമുള്ള ഉണ്ണിത്താന്റെ പരാമര്‍ശം വലിയ വിവാദത്തിനാണ് വഴിവച്ചത്. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ചില പെട്ടിതാങ്ങികളാണെന്നും ആശാന് വേണ്ടി ശിഷ്യന്‍ കളത്തിലിറങ്ങിയിരിക്കുകയാണെന്നും അടൂരിലെ ഒരു വീട്ടില്‍ നിന്നാണ് ഈ ആസൂത്രിത നീക്കങ്ങള്‍ വരുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് അദ്ദേഹം തുറന്നടിച്ചു. തന്നെ പ്രകോപിപ്പിച്ചാല്‍ തന്റെ ഡയറിയിലുള്ള പല രഹസ്യങ്ങളും പുറത്തുവിടുമെന്നുമാണ് കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വെല്ലുവിളിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News