Enter your Email Address to subscribe to our newsletters

Kozhikode , 26 നവംബര് (H.S.)
വോട്ടിങ് മെഷീൻ അട്ടിമറിക്കാൻ ഏജൻസി സമീപിച്ചെന്ന കെ.ടി ജലീലിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ കോഴിക്കോട് റൂറൽ എസ്പിക്ക് ഡിജിപിയുടെ നിർദേശം. വോട്ടിങ് മെഷീൻ അട്ടിമറിക്കാൻ ഏജൻസി സമീപിച്ചെന്ന മുൻ മന്ത്രി കെ.ടി ജലീലിന്റെ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് ഉത്തരവ്. യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽകിഫിൽ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ, അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
ഡിജിപിക്ക് പുറമെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും ദുൽകിഫിൽ പരാതി അയച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മുൻ നേതാവ് കുന്നത്ത് മുഹമ്മദ് വഴി വോട്ടിങ് മെഷീൻ അട്ടിമറിക്കാൻ വാഗ്ദാനവുമായി ഒരു ഏജൻസി നേതൃത്വത്തെ സമീപിച്ചിരുന്നതായും ഇക്കാര്യം കുന്നത്ത് മുഹമ്മദ് തന്നോട് നേരിട്ട് പറഞ്ഞിരുന്നതായും നവംബർ 23-ന് നൽകിയ അഭിമുഖത്തിൽ കെ.ടി ജലീൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ തെളിവുകളും വാർത്താ റിപ്പോർട്ടുകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ഏതെങ്കിലും ഏജൻസി ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് ജനപ്രാതിനിധ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും ഗുരുതര കുറ്റകൃത്യമാണ്.
ജനപ്രതിനിധി എന്ന നിലയിൽ ഭരണഘടനാപരമായ സത്യപ്രതിജ്ഞ ചെയ്ത കെ.ടി ജലീൽ, ഇത്രയും ഗൗരവകരമായ വിവരം പൊലീസിനെയോ തെരഞ്ഞെടുപ്പ് കമ്മീഷനെയോ അറിയിക്കാതെ മറച്ചുവെച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വോട്ടിങ് മെഷീൻ അട്ടിമറിക്ക് സഹായം വാഗ്ദാനം ചെയ്ത ഏജൻസിയെ കുറിച്ച് അന്വേഷിക്കണം, വെളിപ്പെടുത്തൽ അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർക്കാനും വ്യാജപ്രചാരണം നടത്താനും ശ്രമിച്ചതിന് ബന്ധപ്പെട്ടവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR